തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ഹരീഷ്; രണ്ട്കുടുംബങ്ങൾക്ക് സഹായം

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും യുവനേതാവ് വാഗ്ദാനം പാലിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി ആടുകളെ സമ്മാനിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു സി.എച്ച്.ഹരീഷ്. വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തുമ്പോഴാണ് രണ്ടു കുടുംബങ്ങളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ജീവിക്കാന്‍ എന്തെങ്കിലും ജോലി ശരിയാക്കണമെന്നായിരുന്നു രണ്ടു കുടുംബങ്ങളുടേയും ആവശ്യം. ഉപജീവനം ഉറപ്പാക്കാന്‍ സഹായം ചെയ്യാമെന്ന് പറഞ്ഞാണ് വീടുകളില്‍ നിന്ന് ഹരീഷ് മടങ്ങിയത്. ഫലം വന്നപ്പോള്‍ തോറ്റു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ജയിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രണ്ടു കുടുംബങ്ങളുടെ ദുരിതം മനസില്‍ നിന്ന് മാഞ്ഞില്ല. എങ്ങനെയെങ്കിലും അവരെ സഹായിക്കണമെന്നായിരുന്നു. രണ്ടു വീടുകളിലേക്ക് ഓരോ ആടുകളെ വാങ്ങി നല്‍കിയായിരുന്നു ഹരീഷിന്റെ സേവനം.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പിന്നെ വോട്ടര്‍മാരെ മറക്കുന്ന സ്ഥാനാര്‍ഥികള്‍ നിരവധിയുണ്ട്. അക്കൂട്ടത്തില്‍ അല്ല ഹരീഷിന്റെ സ്ഥാനം. തോറ്റാലും വോട്ടര്‍മാരുടെ ദുരിതം പരിഹരിക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.