ഡിവൈഎഫ്ഐ മാപ്പ് പറഞ്ഞെന്ന് എസ്കെഎസ്എസ്എഫ്; പതാക വീണ്ടും ഉയർത്തി

കാസർകോട് ചീമേനിയിൽ അലങ്കോലമായ പതാക ഉയര്‍ത്തല്‍ ചടങ്ങ് വീണ്ടും നടത്തി SKSSF. ചീമേനി പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുവിഭാഗവുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്. പതാക ഉയര്‍ത്തല്‍ തടസ്സപ്പെടുത്തിയ സംഭവത്തിൽ DYFI പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞതായി SKSSF നേതാക്കള്‍ പറഞ്ഞു. 

പതാക ദിനത്തിന്‍റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ ചാനടുക്കത്ത് ഉയര്‍ത്തിയ പതാകയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇടപെട്ട് അഴിപ്പിച്ചത്. എസ്.കെ.എസ്.എഫ്. പ്രവര്‍ത്തകരുടെ പരാതിയില്‍ ചീമേനി പൊലീസ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൂടെ അതേ സ്ഥലത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് വീണ്ടും നടത്തി. സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്നയുടെ നേതൃത്യത്തിലാണ് പതാക ഉയർത്തിയത്. 

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞതോടെ പ്രശ്നം പരിഹരിച്ചെന്നാണ് എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ പതാക ഉയര്‍ത്തല്‍ തടസ്സപ്പെടുത്തിയത് തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നുമാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.