ഇടതുസ്ഥാനാര്‍ഥിയുടെ വീടിനുനേരെ ആക്രമണം; രാഷ്ട്രീയ വിരോധമെന്ന് ആരോപണം

തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലെയ്ക്കു മല്‍സരിച്ച ഇടതുസ്ഥാനാര്‍ഥിയുടെ വീടിനുനേരെ ആക്രമണം. നഗരസഭ 20ആം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്ന ബാബു വിളവിനാലിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.  

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടിലുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ബാബു വിളവിനാല്‍ പറഞ്ഞു.

രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.