മാസ്കുകള്‍ മുതല്‍ മാജിക് മഗ്ഗുകള്‍ വരെ; പ്രചാരണത്തിലെ വെറൈറ്റികള്‍

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരണത്തിന് പുതിയ ആശയങ്ങള്‍ രംഗത്തിറക്കുകയാണ് സ്ഥാനാര്‍ഥികള്‍. ചിത്രം പതിച്ച മാസ്കുകള്‍ മുതല്‍ മാജിക് മഗ്ഗുകള്‍ വരെ നീളുന്നതാണ് പ്രചാരണത്തിലെ വെറൈറ്റികള്‍.

ഇതുവരെ ഒരു തിരഞ്ഞെടുപ്പുകാലത്തും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ സഞ്ചാരം. കോവിഡ് നിയന്ത്രണങ്ങള്‍ വീടുകയറിയുള്ള പ്രചാരണത്തിന് നേരെ വാതിലടച്ചപ്പോളാണ് ഇത്തരം വ്യത്യസ്തതകള്‍ പരീക്ഷിക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് ചൂടില്‍ തനിക്ക് അനുകൂലമായി ചിത്രം തെളിയുമെന്ന പ്രതീക്ഷയില്‍ മാജിക് മഗുകള്‍ രംഗത്തിറക്കിയിരിക്കയാണ് കൊച്ചി കോര്‍പറേഷനില്‍ പാലാരിവട്ടം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോഷി പള്ളന്‍. 

ഡിവിഷനിലെ ചായക്കടയില്‍ വരുന്ന വോട്ടര്‍മാര്‍ ചായ കുടിക്കുമ്പോള്‍ കപ്പില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം തെളിഞ്ഞ് വരും. പലഭാഷകളിലെ അനൗണ്‍സ്മെന്‍റിനും മാജിക് മഗിനുമൊപ്പം സ്വന്തം ചിത്രവും ചിഹ്നവും പതിച്ച മാസ്കുകളും പ്രചാരണരംഗത്ത് ഇറക്കിയിട്ടുണ്ട്. യുവതലമുറയെ ആകര്‍ഷിക്കാന്‍ ഇത്തരം നവീന ആശയങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.