കളിപ്പാട്ടം വിൽക്കാനെന്ന പേരിൽ എത്തും, പക്ഷേ കൊടുക്കുന്നത് ....; അറസ്റ്റ്

പരപ്പനങ്ങാടി: കളിപ്പാട്ടം വിൽപനക്കാരെന്ന വ്യാജേന ലഹരി മരുന്ന് വ്യാപാരം നടത്തിയ രണ്ടു പേരെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിവിധതരം ലഹരി വസ്തുക്കൾ ഇവരിൽ നിന്നു പിടികൂടി. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശികളായ കളത്തിൽ റമീസ് റോഷൻ (26), നെടിയിരുപ്പ് മുസല്യാരങ്ങാടി പാമ്പോടൻ ഹാഷിബ് ശഹിൻ (25) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികളെ റിമാൻഡ് ചെയ്തു. ചേലേമ്പ്ര ഇടിമൂഴിക്കലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, ഹഷീഷ്, എൽഎസ്ഡി, കഞ്ചാവ് തുടങ്ങി ഒരു കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾ വിൽക്കുന്നവരെന്ന വ്യാജേനയാണ് ഇവർ ഇടപാടുകാരെ സമീപിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. 88.120 ഗ്രാം എംഡിഎംഎ, 56.5 ഗ്രാം എൽഎസ്ഡി സ്റ്റാംപുകൾ, 325.580 ഗ്രാം ഹഷീഷ്, 1150 ഗ്രാം കഞ്ചാവ് എന്നിവ ഇതിൽ ഉൾപ്പെടും. 

കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി മുബീൻ അൻസാരി 19 ഗ്രാം എംഡിഎംഎയുമായി ചേലേമ്പ്രയിൽ പിടിയിലായിരുന്നു. ഐബി ഉദ്യോഗസ്ഥരായ ടി.ഷിജുമോൻ, വി.കെ.സൂരജ്, പി.സിന്ധു, പി.ലിഷ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.