പ്രൈവറ്റ് ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; വീട്ടുകാർ പുറത്ത്; ഒഴിവായത് വൻദുരന്തം

പാലക്കാട് അട്ടപ്പാടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.  ബസിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അട്ടപ്പാടി അഗളി പാലൂരിന് സമീപം രാവിലെ ഏഴരയ്ക്കായിരുന്നു ബസ് അപകടം. നിയന്ത്രണം വിട്ട ബസ് വീട്ടിലേക്കു ഇടിച്ചു കയറി. റോഡ് വശത്തെ വീരൻനാഗി ദമ്പതികളുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിലുണ്ടായിരുന്ന പത്തു പേർക്ക് പരുക്കേറ്റു. ഇവരെ താവളത്തെ സ്വാകാര്യ ആശുപത്രിയിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്റ ഒരു മുറി പൂർണമായും തകർന്നു. 

പാലൂരിൽ നിന്ന് തമിഴ്നാട് അതിർത്തിയായ ആനക്കട്ടിക്ക് സർവീസ് നടത്തുന്ന ബസാണിത്.