വോട്ട് ചോദിച്ചോ; പക്ഷേ പടിക്ക് പുറത്ത് നിന്ന് മാത്രം..!; വേറിട്ട ആശയം

വോട്ട് ചോദിച്ചെത്തുന്നത് സ്ഥാനാര്‍ഥിയായാലും ആരായാലും വീടിന്‍റെ പടിക്കകത്ത് കയറ്റില്ലെന്ന ശപഥത്തിലാണ് കോട്ടയം കൂടപുലം സ്വദേശി സന്തോഷ്.  ഇത് വ്യക്തമാക്കിക്കൊണ്ടൊരു മുന്നറിയിപ്പ് ബോര്‍ഡും വീട്ടുമുറ്റത്ത് സ്ഥാപിച്ച് കഴിഞ്ഞു. കാണുന്നവര്‍ക്ക് കൗതുകമാണെങ്കിലും ബോര്‍ഡിന്‍റെ ഉള്ളടക്കം കാര്യഗൗരവമുള്ളതാണ്. 

കൗതുക കാഴ്ചകളാല്‍ സമ്പന്നമാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും. കോവിഡിന് നടുവിലെ ഈ തിരഞ്ഞെടുപ്പ്കാലത്തും കൗതുകമാകുയാണ് കൂടപുലത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളോ അവരുടെ പ്രവര്‍ത്തകരോ വോട്ട് ചോദിച്ച് വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍ വീട്ടിലുണ്ടെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു. താളനാനിയിൽ സന്തോഷാണ് പ്രചരണത്തില്‍ സാമൂഹിക അകലം ഉറപ്പാക്കുന്ന ആശയത്തിന് പിന്നില്‍. എന്തുകൊണ്ട് ഇങ്ങനെയെന്ന് ചോദിച്ചാല്‍ രാഷ്ട്രീയക്കാരോടുള്ള സന്തോഷിന്‍റെ പ്രതിഷേധം കൂടിയാണിത്. 

എങ്ങനെ വോട്ടു ചോദിക്കുമെന്ന് സംശയിക്കുന്നവര്‍ക്ക് അതിനുള്ള പോംവഴിയും ഫ്ലക്സിലുണ്ട്. വീട്ടുടമയുടെ രണ്ട് മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് വോട്ട് അഭ്യര്‍ഥിക്കും. കയ്യില്‍കൊണ്ടുവന്ന നോട്ടിസുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. മറ്റ് വോട്ടര്‍മാരും സന്തോഷിനെ മാതൃകയാക്കിയാല്‍ വെട്ടിലാകുമോ എന്ന ആശങ്ക സ്ഥാനാര്‍ഥികള്‍ക്കുണ്ട്.