കള്ള് ചെത്തുന്നതിനിടെ ബോധരഹിതനായി; സാഹസിക രക്ഷപെടുത്തൽ

കള്ള് ചെത്തുന്നതിനിടയിൽ തെങ്ങിന് മുകളിൽ നിന്നും ബോധരഹിതനായ മധ്യവയസ്കനെ സാഹസികമായി രക്ഷിച്ചു. കണ്ണൂർ കോൾത്തുരുത്തിയിലെ പുതിയപുരയിൽ രവീന്ദ്രനെയാണ് അഗ്നിരക്ഷാ സേനയും ചെത്ത് തൊഴിലാളികളും ചേർന്ന് താഴെയിറക്കിയത്.

കോൾത്തുരുത്തി എകെജി ഐലന്റിൽ കള്ള് ചെത്താൻ കയറിയപ്പോഴാണ് രവീന്ദ്രൻ ബോധരഹിതനായത്. താഴെയിറങ്ങാതിരിക്കുകയും വിളിച്ചിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർക്ക് സംശയം തോന്നി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബോധരഹിതനായ നിലയിൽ കണ്ടത്. മറ്റ് ചെത്തു തൊഴിലാളികൾ ചേർന്ന് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  കയർ ഉപയോഗിച്ച് രവീന്ദ്രനെ കെട്ടി താഴെ വീഴാതെ സംരക്ഷിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. എകെജി ഐലന്റിലെത്താൻ റോഡ് സൗകര്യമില്ലാത്തത് തിരിച്ചടിയായി. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വല ഉപയോഗിച്ച്, സാഹസികമായി രവീന്ദ്രനെ താഴെയിറക്കി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫിസർ ഹരിനാരായണൻ , സേനാംഗങ്ങളായ രാജേഷ്, രഞ്ജു, നന്ദകുമാർ, ഹോം ഗാർഡുമാരായ മാത്യു, ജയൻ, സജീന്ദ്രൻ എന്നിവരാണ് രക്ഷാദൗത്യ സംഘത്തിലുണ്ടായിരുന്നത്.