പൊലീസ് ഹെലികോപ്ടർ കോടികൾ ചോർത്തുന്നു; വ്യക്തത തേടി ധനകാര്യ വകുപ്പ്

പൊലീസിൻ്റെ ഹെലികോപ്ടറിന് വാടക നൽകിയ തുകയിൽ ധനകാര്യ വകുപ്പ് ഡി.ജി.പിയോട് വ്യക്തത തേടി. ഇതുവരെ സർക്കാർ അനുവദിച്ചത് 4 കോടി രൂപ. ചില മാസങ്ങളിലെ വാടക തുകയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

കാര്യമായ ഉപയോഗമൊന്നുമില്ലങ്കിലും സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് പൊലീസിൻ്റെ ഹെലികോപ്ടർ ചോർത്തിയെടുക്കുന്നത്. ജൂൺ വരെയുള്ള മാസങ്ങളിൽ വാടക കൊടുക്കാൻ മാത്രം ചെലവായത് 4 കോടി രൂപയാണ്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിൽ വാടകക്കെടുത്ത ഹെലികോപ്പർ വിരലിലെണ്ണാവുന്ന ദിവസങ്ങയിൽ മാത്രമേ പറന്നിട്ടുള്ളു. പെട്ടിമുടി ദുരന്ത സമയത്ത് പോലും ഉപയോഗിച്ചിരുന്നില്ല. അങ്ങിനെ വെറുതെ കിടക്കുന്നതിനാണ് ഇത്രയും അധികം തുക വാടകയാവുന്നത്. ധൂർത്ത് എന്ന ആക്ഷേപത്തിനൊപ്പമാണ്ഈ തുകകളിൽ ചില വ്യക്തത കുറവുണ്ടെന്ന് ധനകാര്യ വകുപ്പി അറിയിക്കുന്നത്. രണ്ട് തവണയായാണ് തുക അനുവദിച്ചത്. ആദ്യം ഒന്നര കോടിയും രണ്ടാമത് രണ്ടര കോടിയും. ഇത് ഏതൊക്കെ മാസത്തെ വാടക ഇനത്തിലാണ് ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് ഡി.ജി.പിക്ക് നൽകിയ കത്തിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.