'യോഗിജീ അസ്വസ്ഥനാകുന്നതെന്തിന്? സെൽഫിയെടുക്കുന്നത് കുറ്റമാണോ? പ്രിയങ്ക

വനിതപൊലീസുകാർ തനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുമ്പോള്‍ യോഗി ആദിത്യനാഥ് അസ്വസ്ഥനാകുന്നുവെന്ന് പ്രിയങ്കയുടെ ട്വീറ്റ്. ഇതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെയും പ്രിയങ്ക വിമര്‍ശിച്ചു. കൂടെ നിന്ന് സെല്‍ഫിയെടുക്കുന്നത് കുറ്റമാണെങ്കില്‍ തന്നെയാണ് ശിക്ഷിക്കേണ്ടത്. അതിന് പകരം ഉദ്യോഗസ്ഥരുടെ ഭാവി തകര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും ട്വീറ്റില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 

'കസ്റ്റഡിയിലാണ്..പക്ഷേ നിങ്ങള്‍ക്കൊപ്പം സെല്‍ഫി വേണം'..എന്നായിരുന്നു ഇന്നലെ പ്രിയങ്കയെ വളഞ്ഞ് സ്നേഹം പങ്കിട്ട പൊലീസുകാരുടെ സ്നേഹപൂർവമുള്ള ആവശ്യം. തുടര്‍ന്ന് വനിതാ പൊലീസുകാർക്കൊപ്പം പ്രിയങ്ക പോസ് ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി. പ്രിയങ്കയുടെ സന്ദര്‍ശനം തടയാനെത്തിയ സംഘത്തിലുള്ള അതേ പോലീസുകാരെ തന്നെയാണ് സെല്‍ഫിയിലും കാണുന്നത്. 

25 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശുചീകരണ തൊഴിലാളി അരുണ്‍ വാല്‍മീകി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ ഉന്നതതല അന്വേഷണവും കുടുംബത്തിന് ധന സഹായവും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അരുണിന്റെ കുടുംബത്തെ കാണാന്‍ ലഖ്നൗവില്‍ നിന്ന് ആഗ്രയിലേക്ക് പ്രിയങ്ക യാത്ര ആരംഭിച്ചത്. ആഗ്രയിലെത്തും മുമ്പെ പൊലീസ് കാര്‍ തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തിരിച്ച് പോകണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാനത്തെ ക്രമസമാധാനം സുപ്രധാനമാണെന്നും അത് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു. മടങ്ങിപോകാന്‍ തയ്യാറല്ലെന്നും വാല്‍മീകി ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചിരുന്നു.