വാഗ്ദാനങ്ങൾ ലംഘിച്ചു; സ്വതന്ത്ര സ്ഥാനാർഥിയായി ഷെറിൻ; പ്രതിഷേധം

വാഗ്ദാനങ്ങൾ ലംഘിച്ച രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജൻഡറിന്റെ സ്വതന്ത്ര സ്ഥാനാർഥിത്വം. കൊച്ചി നഗരസഭയുടെ ഇരുപത്തിയാറാം ഡിവിഷനായ ഫോർട്ട് കൊച്ചിയിൽനിന്നാണ് ഷെറിൻ ആന്റണി ജനവിധി തേടുന്നത്. 

കൊച്ചി നഗരസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കെ.ജെ.ആന്റണി ജയിച്ചുകയറിയ ഇരുപത്തിയാറാം ഡിവിഷനായ ഫോർട്ട് കൊച്ചി ഇക്കുറി തന്നെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ്  ഷെറിൻ ആന്റണി.   നേരത്തെ കൊച്ചി മെട്രോയിൽ ജീവനക്കാരി ആയിരുന്ന ഷെറിൻ ആ ജോലി ഉപേക്ഷിച്ചു. സാധാരണക്കാരുടെയും ട്രാൻസ് ജെൻഡറുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യം. അതിനാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതും.

സിപിഎം പിന്തുണയുള്ള ട്രാൻസ് കൂട്ടായ്മയായ ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് ഷെറിൻ. സീറ്റ് നൽകാമെന്ന് സിപിഎം ജില്ലാ നേതൃത്വം വാഗ്ദാനം നൽകിയെങ്കിലും വാക്ക് പാലിച്ചില്ലെന്ന് ഷെറിൻ ആരോപിച്ചു. എന്നാൽ പിന്നെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നേരിടാമെന്ന് സുഹൃത്തുക്കൾ അടക്കം പറഞ്ഞതോടെ ഷെറിൻ സ്ഥാനാർഥിയായി.