പൊട്ടിത്തെറിയുണ്ടാകാതെ സിപിഐ കൊല്ലം ജില്ലാ നേതൃയോഗം; ആശ്വസിച്ച് നേത്യത്വം

നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന സിപിഐ കൊല്ലം ജില്ലാ നേതൃയോഗങ്ങളില്‍ പൊട്ടിത്തെറിയുണ്ടാകാത്തത് സംസ്ഥാന നേതൃത്വത്തിന് ആശ്വാസം. പി.എസ്.സുപാലിനെ സസ്പെന്‍ഡ് ചെയ്തത് ക്യാപിറ്റല്‍ പണിഷ്മെന്റിന് തുല്യമാണെന്ന് ഒരു വിഭാഗം ഉന്നയിച്ചെങ്കിലും തര്‍ക്കത്തിലേക്ക് പോയില്ല. ചര്‍ച്ചകള്‍ നീണ്ടതു കാരണം കൊല്ലം നഗരസഭയിലേയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായില്ല. 

പി.എസ്.സുപാലിനെതിരായ നടപടിക്കെതിരെ യോഗങ്ങളില്‍ കെ.ഇ ഇസ്മയിൽ- പ്രകാശ്ബാബു വിഭാഗങ്ങൾ രംഗത്തുവന്നു. സുപാലും സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനും ചെയ്തത് ഒരേ തെറ്റാണെങ്കിൽ തുല്യനടപടിയാണു വേണ്ടതെന്നും വാദിച്ചു. എന്നാല്‍ സുപാലിനെതിരായ നടപടി അനിവാര്യമാണെന്നും ആർ. രാജേന്ദ്രനെ പരസ്യമായി ശാസിക്കാനുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്നും മറുപക്ഷവും പറഞ്ഞു. സുപാലിനു നൽകിയതു പരമാവധി ശിക്ഷയല്ലെന്നും നടപടിയോടു ഉത്തമനായ കമ്യൂണിസ്റ്റിനു തുല്യമായ പക്വതയോടെയാണു അദ്ദേഹം പ്രതികരിച്ചതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. ജില്ലാ സെക്രട്ടറിയുടെ ചുമതല മുല്ലക്കര രത്നാകരൻ എംഎൽഎ യ്ക്കു തിരിച്ചു കൊടുക്കുന്നതും ചർച്ചയായി. തിരഞ്ഞെടുപ്പു വേളയിൽ അതു വേണ്ടെന്നും പിന്നീട് ആലോചിക്കാമെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതുവരെ മുതിർന്ന നേതാവ് കെ.ആർ ചന്ദ്രമോഹന്‍ സെക്രട്ടറിയുടെ ചുമതല വഹിക്കും. കൊല്ലം നഗരസഭയിലെയും ജില്ലാ പഞ്ചായത്തിലേയും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് വൈകുന്നേരം വീണ്ടും ജില്ലാ എക്സിക്യൂട്ടീവ് ചേരും.