മാത്യു.ടി.തോമസ്-കെ. കൃഷ്ണൻ കുട്ടി പക്ഷങ്ങളുടെ വാക്കേറ്റം; യോഗത്തിൽ ഉന്തും തള്ളും

കൊച്ചിയിൽ യുവജനതാദൾ സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. പാലക്കാട് ജില്ലാ പ്രസിഡന്റ് ടി. മഹേഷിന്റെ യുവജന കമ്മീഷൻ നിയമനമാണ് ഭിന്നതയുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പും സംഘടനാ കാര്യങ്ങളും ചർച്ച ചെയ്യാനാണ് യുവ ജനതാദൾ സംസ്ഥാന ഭാരവാഹി  ചേർന്നത് 

സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ ഭാരവാഹികളുമടക്കം പങ്കെടുക്കേണ്ട 57 പേരിൽ ഇരുപത്തിയഞ്ചോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്ന ടി. മഹേഷിനെ കഴിഞ്ഞ ദിവസം യുവജന കമ്മീഷൻ അംഗമായി രണ്ടാംവട്ടവും നിയമിച്ചിരുന്നു. ഇത് മാത്യു ടി  തോമസിനെ അനുകൂലിക്കുന്നവരെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന ഭാരവാഹി യോഗത്തിൽ വിഷയം  ചർച്ചയാക്കാനുള്ള തീരുമാനത്തെ മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ അനുകൂലിക്കുന്നവർ എതിർത്തതാണ് വാക്കേറ്റത്തിനും ഉന്തും തള്ളിനും കാരണമായത്.

സംസ്ഥാന കമ്മറ്റിയുടെ അനുമതിയില്ലാതെ ചിറ്റൂർ മണ്ഡലത്തിൽ അംഗത്വ വിതരണം നടത്തിയതും യോഗത്തിൽ ഉന്നയിച്ചു.  വിഷയത്തിൽ അടിയന്തിരമായി ഇടപെടാമെന്ന് യുവ ജനത ദൾ സംസ്ഥാന പ്രസിഡന്റ് യോഗത്തെ അറിയിച്ചു.