ലോക് താന്ത്രികുമായി ലയനം; ജനതാദൾ എസിൽ ഭിന്നത രൂക്ഷം

ലോക് താന്ത്രിക് ജനതാദള്ളുമായി ലയിക്കുന്നതില്‍ ജനതാദള്‍ എസ്സില്‍ ഭിന്നത . ലയനത്തിലുള്ള എതിര്‍പ്പ് ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ അറിയിച്ചു. ദേശീയ നേതൃത്വത്തിന് ലയനത്തെപ്പറ്റി അറിയില്ലെന്ന് ലോഹിതദാസന്‍  നാടാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന നേതൃയോഗത്തില്‍ മാത്യ ടി തോമസ് എതിര്‍പ്പ് പരസ്യമാക്കി.  

വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്കുമായി ലയിക്കാനുള്ള ജനതാദള്‍ എസ് നീക്കം പാര്‍ട്ടിയുടെ ഒറ്റക്കെട്ടായുള്ള തീരുമാനമല്ലെന്ന് വ്യക്തമാവുകയാണ്. ലയനത്തില്‍ ശക്തമായ എതിര്‍പ്പാണ് മാത്യ ടി തോമസിനും നീലലോഹിതദാസന്‍ നാടാര്‍ക്കുമുള്ളത്. ബംഗലൂരുവിലെത്തി ലോഹിതദാസന്‍ നാടാര്‍ എതിര്‍പ്പ് എച്ച് ഡി ദേവഗൗഡയെ അറിയിച്ചു.ലയനത്തെപ്പറ്റി തനിക്ക് അറിയില്ലെന്ന് ദേവഗൗഡ സൂചിപ്പിച്ചു. ലയനത്തെപ്പറ്റി ദേശീയ നേതൃത്വത്തിന് അറിയില്ലേ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ലോഹിതദാസന്‍ നാടര്‍ തറപ്പിച്ചു പറഞ്ഞു. 

ലയനത്തെപ്പറ്റി  വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന സി.കെ നാണുവിന്റെ പ്രസ്താവനയെ സംസ്ഥാന നേതൃയോഗത്തില്‍ മാത്യു ടി തോമസ് ‌ വിമര്‍ശിച്ചു. ലയനത്തെപ്പറ്റി തനിക്ക് അറിവില്ലെന്ന് യോഗത്തില്‍ മാത്യു ടി തോമസ് തുറന്നടിച്ചു. താന്‍ മന്ത്രി സ്ഥാനം ഒഴിയാനും കൃഷ്ണന്‍കുട്ടി മന്ത്രിയാകാനും പറഞ്ഞത് ദേവഗൗഡയാണ്. ലയനത്തെപ്പറ്റി ദേവഗൗഡ പറയട്ടേ എന്ന് പറഞ്ഞാണ് അമര്‍ഷം പ്രകടമാക്കിയത്. ലയനം ഉടന്‍ യാഥാര്‍ഥ്യമാക്കാമെന്ന തരത്തില്‍  കെ കൃഷ്ണന്‍കുട്ടിയും വീരേന്ദ്രകുമാറും നടത്തിയ  നീക്കങ്ങള്‍ യഥാര്‍ഥ്യമാകാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരും.