മുന്നണി സമവാക്യങ്ങൾ മാറും; പാലയിൽ നയം വ്യക്തമാക്കി പി.ജെ. ജോസഫ്

സംസ്ഥാനത്ത് മുന്നണി സമവാക്യങ്ങളില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി പി.ജെ. ജോസഫ്. റോഷി അഗസ്റ്റിന്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ മാണി. സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പിജെ പറയുന്നു. തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്‍റെ വിജയത്തിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍ അവസാനിപ്പിക്കണമെന്നും പിജെ കോട്ടയം ജില്ലാ യുഡിഎഫ് യോഗത്തില്‍ തുറന്നുപറഞ്ഞു. 

ജോസ്.കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനത്തോടെ പാലാ സീറ്റിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകളും അഭ്യൂഹങ്ങളും. പാലാ വിട്ടുനല്‍കില്ലെന്ന് എംഎല്‍എ മാണി സി കാപ്പന്‍ ആവര്‍ത്തിക്കുമ്പോളും അതില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പാലാ ജോസ് വിഭാഗത്തിന് നല്‍കിയാല്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹവും സജീവമാണ്. ഇത് ശരിവെക്കുന്ന രീതിയിലാണ് പി.ജെ. ജോസഫിന്‍റെ പ്രതികരണം. ഇടുക്കി വിട്ട് പാലായില്‍ മത്സരിക്കാന്‍ എത്തുന്ന റോഷി അഗസ്റ്റിന് എതിരാളി കാപ്പനാകും. 

പാലയിൽ റോഷി എത്തുമ്പോള്‍ ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിക്കാനാണ് സാധ്യതയെന്നാണ് പിജെയുടെ വിലയിരുത്തല്‍. യുഡിഎഫില്‍ വിജയസാധ്യതയുള്ളവര്‍ക്കെ സീറ്റ് നല്‍കാവുവെന്നാണ് ജോസഫിന്‍റെ നിര്‍ദേശം. ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്കളി അവസാനിക്കുമെന്നാണ് ജോസഫിന്‍റെ വിശ്വാസം. തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കുള്ളിലെ പാര്‍ട്ടികള്‍ സംബന്ധിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.