സപ്തതി നിറവില്‍ ജോണ്‍ പോള്‍; കൊമേഷ്യല്‍ സിനിമകളെ പൊളിച്ചെഴുതിയ തിരക്കഥാകൃത്ത്

മലയാളികള്‍ക്ക് നിത്യഹരിതസിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എഴുപതിന്റെ നിറവില്‍. സിനിമ–സാംസ്ക്കാരിക രംഗത്തെ നിറസാനിധ്യമായ ജോണ്‍ പോള്‍ ഇന്നും എഴുത്തിന്റെ ലോകത്ത് സജീവമാണ്. കൊച്ചിയിലെ പൂര്‍വവിദ്യാലയത്തിലായിരുന്നു ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ  പിറന്നാളാഘോഷം. 

സപ്തതിയുടെ നിറവില്‍ മലയാളികളുടെ സ്വന്തം അങ്കിള്‍ ജോണ്‍, കൊമേഷ്യല്‍ സിനിമകളുടെ സങ്കല്‍പത്തെ പൊളിച്ചെഴുതിയ തിരക്കഥാകൃത്ത്.  ചാമരം, അതിരാത്രം, യാത്ര, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം തുടങ്ങി മറക്കാനാകാത്ത സിനിമകളാണ് ജോണ്‍ പോള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്നാണ് മലയാളസിനിമയിലെ അടയാളപ്പെടുത്തുന്ന തിരക്കഥാകൃത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര. പിറന്നാള്‍ പ്രത്യേകമായി ആഘോഷിക്കാറില്ലെങ്കിലും. ഈ വര്‍ഷം കൊച്ചി സെന്റ് അഗസ്റ്റിന്‍സ് വിദ്യാലയത്തില്‍ നടന്ന പിറന്നാളാഘോഷത്തില്‍ കുടുംബസമേതം പങ്കെടുത്തു. 

പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സമ്മാനം കൂടി അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. മലയാളസിനിമയുടെ ആദ്യ 25 വര്‍ഷത്തെ സ്മരണകള്‍ കോര്‍ത്തിണക്കിയ ഒരു പുസ്തകം.