പിഞ്ചുകുഞ്ഞിന് ആശുപത്രി ചെലവ് 40,000 രൂപ; ഓട്ടോ വിറ്റ് 15,000 കിട്ടി, പിന്നെ പൊലീസിനെ വിളിച്ചു

പ്രസവക്കിടക്കയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് അമ്മയുടെ വക അസാധാരണ ഫോൺകോൾ. ആവശ്യം 7 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ആശുപത്രി ചികിത്സാ ചെലവിനുള്ള പണവും. അതു പൊലീസിന്റെ ചുമതലയല്ലെന്നു പറഞ്ഞ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കെവിട്ടില്ല. പൊലീസും സാമൂഹിക പ്രവർത്തകരും തുണയായപ്പോൾ അമ്മയും കുഞ്ഞും അച്ഛനും ആശ്വാസം.

ഉളിയത്തടുക്ക സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ 7 ദിവസം മുൻപാണ് മാസം തികയും മുൻപ് ജനറൽ ആശുപത്രിയിൽ പ്രസവിച്ചത്. ശ്വാസ തടസവും മറ്റു ബുദ്ധിമുട്ടും കാരണം കുഞ്ഞിനെ നഗരസഭാ പരിധിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിലെ ചെലവ് 40,000 രൂപയായി. ഭർത്താവ് ഓട്ടോറിക്ഷ വിറ്റ് 15,000 രൂപ സംഘടിപ്പിച്ചു. ബാക്കി തുക കണ്ടെത്താൻ ഭാര്യ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം തേടുകയായിരുന്നു.

വിവരം അറിഞ്ഞു സ്റ്റേഷനിലെ ജിഡി ചാർജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.രാജേന്ദ്രൻ ജന മൈത്രി പൊലീസ് ബീറ്റ് ഓഫിസർ മധു കാരക്കടവിനെ വിളിച്ചു സഹായിക്കാൻ സാധ്യതയുള്ളവരെ തേടി. തുടർന്നു ചന്ദ്രഗിരി ലയൺസ് ക്ലബിന്റെയും കാസർകോട് യൂണിറ്റി ചാരിറ്റബിൽ ട്രസ്റ്റിന്റെയും ഭാരവാഹി എരിയാൽ മഹമൂദ് ഇബ്രാഹിമിനെ സമീപിച്ചു.

ചാരിറ്റബിൽ ട്രസ്റ്റ് 19000 രൂപ ആശുപത്രിയിൽ നൽകി. അയ്യായിരത്തോളം രൂപ ആശുപത്രി അധികൃതർ ഇളവ് ചെയ്തു. കുഞ്ഞിന്റെ ചികിത്സാ പണം നൽകാൻ വിൽക്കേണ്ടി വന്ന ഓട്ടോറിക്ഷക്കു പകരം ഓട്ടോറിക്ഷ സഹായമായി നൽകുമെന്ന് മഹമ്മൂദ് ഇബ്രാഹിം പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തിന് ആശ്രയമായത്.