നീതി വൈകുന്നു; ഫാഷൻ ഗോൾഡ് തട്ടിപ്പിൽ സമരവുമായി നിക്ഷേപകർ

കാസർകോട്ടെ ഫാഷൻ ഗോൾഡ് നിക്ഷേപകർ പ്രത്യക്ഷ സമരത്തിൽ. നിക്ഷേപമായി നൽകിയ തുക ഉടൻ തിരികെ വേണമെന്നും ജ്വല്ലറി ഉടമകൾക്കെതിരെ നിയമനടപടി വൈകുന്നുവെന്നും ആരോപിച്ചാണ് നിക്ഷേപകർ സമര രംഗത്തെക്ക് വന്നത്. ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം തട്ടിപ്പാണെന്നും പരാതിക്കാർ ആരോപിച്ചു.

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചു തട്ടിപ്പിനിരയായവർക്ക് നീതി വൈകുന്നു എന്നാരോപിച്ചാണ് പരാതിക്കാരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചത്. ജ്വല്ലറി മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജ്വല്ലറി മാനേജ്മെന്റിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി. നിക്ഷേപകരുടെ കൂട്ടായ്മയായ ആക്ഷൻ കൗൺസിലിന്റെ  പ്രവർത്തനം സംശയനിഴലിലാണ് എന്നും ആരോപിച്ചു.  

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ്  പൂക്കോയ തങ്ങളുടെ കാസര്‍കോട് ചന്തേരയിലെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം സ്വീകരിച്ചശേഷം വഞ്ചനകാട്ടിയ മുഴുവനാളുകളെയും  നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുന്നത് വരെ സമരം തുടരാനാണ്  നിക്ഷേപകരുടെ തീരുമാനം