അച്ഛൻ മരിച്ച വിവരവുമായി ഫോൺ; അതെടുക്കാതെ, അറിയാതെ മകനും മരണത്തിലേക്ക്

പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മനീഷിന്റെ യാത്ര മരണത്തിലേക്ക് ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയാതെ നാട്.  ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ മനീഷ് നല്ല കർഷകൻ കൂടി ആണ്.ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പൊതു പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു.  അസുഖ ബാധിതനായ അച്ഛൻ മദനശേഖരൻ മരിച്ച സമയത്തു തന്നെ മകനെ വാമനപുരം നദിയുടെ ഭാഗമായ പൂണറ കടവിൽ കാണാതായത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ. 

മരണങ്ങൾ പരസ്പരം അറിയാതെ രണ്ടു പേരും ലോകത്തോടു വിട പറയുമ്പോൾ കുടുംബത്തോട് ഒപ്പം ഒരു ഗ്രാമവും കരയുന്നു. വാമനപുരം നദിയുടെ ഭാഗമായ പനവേലി–പൂണറ കടവിന് ഇടയിലാണ് മനീഷിനെ കാണാതായത്. പശുവിന് പുല്ല് ശേഖരിച്ച് അത് കഴുകി വൃത്തിയാക്കിയ ശേഷം കുളിച്ചാണ് വീട്ടിലേക്ക് മടങ്ങുക. കൂടെ കൂട്ടുകാരും ഉണ്ടാകും. സംഭവ ദിവസം കുളിച്ചു കൊണ്ടിരിക്കുമ്പോൾ കരയിൽ വച്ചിരുന്ന ഫോൺ ശബ്ദിച്ചു.

പെട്ടെന്ന് കരയിൽ കയറി അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു.  അച്ഛൻ മരിച്ച വിവരം അറിയിക്കാനുള്ള വിളി ആയിരുന്നു ഫോണിൽ എന്ന് അറിയാതെ മനീഷ് മരണ കയത്തിലേക്ക് പോയി.ഒരു കാലത്ത് മണൽ വാരൽ ശക്തമായി നടന്ന സ്ഥലമാണ് പനവേലി കടവും പ്രദേശവും.അതിന്റെ ആഘാതങ്ങൾ ഇപ്പോഴും കയത്തിന്റെ രൂപത്തിൽ അവിടെ ഉള്ളതായി നാട്ടുകാർ പറയുന്നു.