ആദിവാസികളുടെ ഉറക്കം കെടുത്തി വന്യമൃഗങ്ങൾ; കരുണ കാട്ടാതെ വനംവകുപ്പ്

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായ മലപ്പുറം നിലമ്പൂര്‍‍ മുണ്ടേരി വനത്തിനുളളിലെ  ആദിവാസികളായ ഗര്‍ഭിണികളും പ്രായമായവരും വന്യമൃങ്ങള്‍ അടുത്തെത്തുമ്പോള്‍ ഏറുമാടത്തില്‍ പോലും അഭയം തേടാനാവാത്ത നിസഹായതയില്‍. മലവെളളപാച്ചിലില്‍ നഷ്ടമായ ഭൂമിക്കു പകരം താമസിക്കുന്ന വനഭൂമിയില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുളള വൈദ്യുതി വേലിയും കിടങ്ങും നിര്‍മിക്കാനാവാത്തത് 63 ആദിവാസി കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

ഇരുട്ടു മൂടിയാല്‍ മുറ്റത്ത് എത്തുന്ന കാട്ടനക്കൂട്ടത്തില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രക്ഷ വേണെങ്കില്‍ ഈ ഏറുമാടങ്ങളില്‍ കയറണം. ഒന്‍പതു മാസം ഗര്‍ഭിണിയായ നീനക്ക് ഉയരത്തില്‍ കയറാനാവില്ല. കാട്ടുമൃഗങ്ങള്‍ എത്താതെ രാത്രി മുഴുവന്‍ നീനയ്ക്കു പന്തം കൊളുത്തിയും പാട്ട കൊട്ടിയും കാവല്‍ നില്‍ക്കുകയാണിപ്പോള്‍ കുടുംബവും അയല്‍ക്കാരും.

മുപ്പതും നാല്‍പ്പതും അടി പൊക്കത്തിലുളള ഏറുമാടത്തില്‍ കയറാന്‍ കഴിയാത്ത കിടപ്പിലായവരും പ്രായമുളളവരും കാട്ടുമൃഗങ്ങള്‍ മുറ്റത്ത് എത്തുബോള്‍  മരണത്തെ മുഖാമുഖം കാണാറുണ്ട്. തരിപ്പപ്പൊട്ടി കോളനിക്കടുത്ത് ഇപ്പോള്‍ പുലിയുണ്ടെന്ന് പറയുന്നു.  അടച്ചുറപ്പുളള വീടു നിര്‍മിക്കണമെങ്കില്‍  നഷ്ടമായ ഭൂമിക്കു പകരമായി വനാവകാശ നിയമപ്രകാരം പകരം സ്ഥലം വനംവകുപ്പ് കൈമാറണം. അതുവരേയും ഏറുമാടത്തില്‍ കഴിയേണ്ട ഈ ഗതികേട് തുടരും.