സിമന്‍റ് വില വർധനയ്ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം; കിട്ടാക്കനിയാകുമോ?

സംസ്ഥാനത്ത് സിമന്‍റിന് വന്‍ ക്ഷാമമുണ്ടാകാന്‍ സാധ്യത. വന്‍കിട കമ്പനികളില്‍ നിന്ന് ചെറുകിട കച്ചവടക്കാര്‍ സിമന്‍റ് എടുക്കുന്നത് നിര്‍ത്തിവച്ചു. സിമന്‍റിന് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. 

ചില്ലറ വില്‍പ്പന നടത്തുന്ന കോഴിക്കോട്ടെ ഒരു സിമന്‍റ് കടയാണിത്. നിലവില്‍ ആവശ്യത്തിന് സ്റ്റോക്കെല്ലാം കാണുന്നുണ്ടെങ്കിലും രണ്ട് ദിവസത്തിനകം ഇത് കാലിയാകും. പകരം സ്റ്റോക്ക് എത്തുകയുമില്ല. 12 വന്‍കിട കമ്പനികളില്‍ നിന്നുള്ള സിമന്‍റ് വാങ്ങുന്നതാണ് സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍ നിര്‍ത്തിവച്ചത്. സിമന്‍റ് വില വര്‍ധന പിന്‍വലിക്കുക, അശാസ്ത്രീയമായി ബില്ലിങ് സംമ്പ്രദായം നിര്‍ത്തലാക്കുക എന്നിവയാണ് പ്രധാന ആവശ്യം. അതിനിടെ ഈ സമരം തട്ടിപ്പാണെന്നും സിമന്‍റിന് കൃതൃമ ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് മറുവിഭാഗം രംഗത്തെത്തി. 

എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റസ് അടക്കമുള്ളവ വിപണിയില്‍ ലഭിക്കും. എന്നാല്‍ ഇവര്‍ക്ക് മാത്രം വിപണിയുടെ ആവശ്യം നികത്താനാകില്ല. അതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ സിമന്‍റ് ക്ഷാമം അനുഭവപ്പെടും. ചില വ്യാപാരികള്‍ ഇതിനിടെ കൃതൃമമായി വിലകയറ്റി വില്‍ക്കാനും സാധ്യതയുണ്ട്.