കുത്തനെ ഉയർന്ന് സിമന്‍റ് വില; നട്ടംതിരിഞ്ഞ് നിർമാണമേഖല

സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു. ഒന്നരമാസത്തിനിടെ ചാക്കിന് എണ്‍പത് രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച മുതല്‍ വില ഇരുപത് രൂപ കൂടി വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. കമ്പി വിലയ്ക്ക് പിന്നാലെ സിമന്‍റ് വിലയും കുതിച്ചുയര്‍ന്നതോടെ നിര്‍മാണമേഖല പ്രതിസന്ധിയിലായി.

ഫെബ്രുവരിയില്‍ ഒരു ചാക്ക് സിമന്‍റിന് 380 രൂപയായിരുന്നു ചില്ലറ വില്‍പന വില. കഴിഞ്ഞമാസം അവസാനം മുതല്‍ കമ്പനികള്‍ വില ഘട്ടംഘട്ടമായി ഉയര്‍ത്തി. നിലവില്‍ 460 രൂപയാണ് ഒരുചാക്ക് സിമന്‍റിന്‍റെ വില. ഒന്നരമാസം കൊണ്ടുണ്ടായ വര്‍ധന എണ്‍പത് രൂപയുടേതാണ്. ഒന്നാംതീയതി വില വീണ്ടും കൂടുകയാണെന്ന് കമ്പനികള്‍ വിതരണക്കാരെ അറിയിച്ചുകഴിഞ്ഞു. ഇരുപത് രൂപ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ചുരുങ്ങിയ കാലംകൊണ്ട് 100 രൂപയുടെ വര്‍ധനയാണ് സിമന്‍റ് വിലയിലുണ്ടാകാന്‍ പോകുന്നത്. 

നേരത്തെ സംസ്ഥാനസര്‍ക്കാരുമായി സിമന്‍റ് കമ്പനികളെത്തിച്ചേര്‍ന്ന ധാരണയ്ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ വില കൂട്ടുന്നതെന്നും വ്യാപാരികള്‍ പറയുന്നു. വില ഉയര്‍ത്തുന്നതിന് മുമ്പ് സര്‍ക്കാരിന്‍റെ അനുമതി വേണമെന്നായിരുന്നു ധാരണ. കമ്പിവിലയിലെ വന്‍വര്‍ധനയ്ക്ക് പിന്നാലെയാണ് സിമന്‍റ് വിലയും കൂടുന്നത്. കിലോയ്ക്ക് 49–51 രൂപയില്‍ നിന്ന് 68–75 രൂപ നിരക്കിലേക്കാണ് വിവിധ സ്റ്റീല്‍ കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.