കനത്ത മഴയിൽ കോഴിക്കോട് വ്യാപക നാശം; വയോധികയ്ക്ക് പരുക്ക്

കഴിഞ്ഞദിവസത്തെ കനത്തമഴയിലും മിന്നലിലും കോഴിക്കോട് ജില്ലയില്‍ വ്യാപക നാശം. ചെറുകുളം ചോയിബസാറില്‍ മേല്‍ക്കൂര തകര്‍ന്ന് വയോധികയ്ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതിനൊപ്പം ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു.  

പുറക്കാട്ടിരി, ഉള്ള്യേരി, ഇരിങ്ങല്‍ മേഖലയിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. ചെറുകുളം ചോയിബസാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വയോധിക സൗമിനിക്ക് തലയ്ക്ക് പരുക്കേറ്റു. വീട്ടിലുണ്ടായിരുന്ന കുഞ്ഞുള്‍പ്പെടെ മറ്റ് മൂന്നുപേരും പുറത്തേക്ക് ഓടി മാറുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. ഇലക്ട്രിക് സംവിധാനങ്ങള്‍ കത്തിനശിച്ചു. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുണ്ടായി. 

വിവിധയിടങ്ങളിലായി എട്ട് വീടുകളാണ് തകര്‍ന്നത്. ടെലിവിഷന്‍, ഫാന്‍, ഫ്രിഡ്ജ് തുടങ്ങി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. പലയിടത്തും വൈദ്യുതിബന്ധം ഭാഗികമായി തടസപ്പെട്ടു.