‘എന്നാല്‍ കോട്ടയ്ക്കലോ തിരൂരോ മൽസരിക്കൂ’; ജലീലിനെ വെല്ലുവിളിച്ച് ലീഗ്

വോട്ടുകണക്ക് പറഞ്ഞ ജലീലിന് മറുപടിയുമായി മുസ്‌‌ലിം ലീഗ്. ജലീലിന് ധൈര്യമുണ്ടെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കലോ തിരൂരോ മൽസരിക്കൂവെന്ന് വെല്ലുവിളിച്ച് മുസ്​ലിം ലീഗ് നേതാവ് എന്‍.ഷംസുദ്ദീന്‍. മനോരമ ന്യൂസ് ചർച്ചയിൽ ജലീലിന്റെ അഭിമുഖത്തിലെ വാദങ്ങൾക്കും പി.എ.മുഹമ്മദ് റിയാസിന്റെ അവകാശവാദങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഈ വെല്ലുവിളി. മുസ്​ലിം സമുദായത്തിൽ ഇടപെടാൻ സിപിഎമ്മിന് താൻ മാത്രമേ ഉള്ളൂവെന്ന് വാദിക്കുന്ന പോലെയാണ് ജലീലിന്റെ അഭിമുഖമെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞ​ു.

ലീഗ് വിജയിക്കുന്ന ആറു സീറ്റിൽ അടുത്ത തവണ സിപിഎം ജയിക്കും എന്നായിരുന്നു ജലീലിന്‍റെ ചുവടുപിടിച്ച് മുഹമ്മദ് റിയാസ് ചർച്ചയിൽ ഉയർത്തിയ വാദം. 2006ൽ ജലീൽ കുറ്റിപ്പുറത്ത് വിജയിച്ച് ചരിത്രവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിന് ലീഗിന്റെ മറുപടി ഇങ്ങനെ. ‘2006ൽ ലീഗിന് രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിട്ട കാലമായിരുന്നു. അന്ന് 8 സീറ്റിൽ മാത്രമാണ് ജയിച്ചത്. പക്ഷേ 2011 വന്നപ്പോൾ എന്തിനാണ് ജലീൽ കുറ്റിപ്പുറം വിട്ട് സിപിഎമ്മിന് സെയ്ഫ് സീറ്റായ തവനൂരിലേക്ക് മാറിയത്. കുറ്റിപ്പുറം വിഭജിച്ച് ഉണ്ടായ കോട്ടയ്ക്കലോ, തിരൂരോ മൽസരിച്ചാൽ മതിയായിരുന്നല്ലോ. 

ജലീലിന് ധൈര്യമുണ്ടെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കലോ തിരൂരോ മൽസരിക്കൂ. തവനൂരിൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 15,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലീഗിനായിരുന്നു എന്ന് ജലീൽ മറക്കരുത്. പെരിന്തല്‍മണ്ണയിലും മങ്കടയിലുമെല്ലാം ഇതുതന്നെ സ്ഥിതി– അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.