‘മുഖ്യമന്ത്രിക്ക് പാർഷ്യൽ അംനേഷ്യ ഉണ്ടോ?’; ചിത്രവും കുറിപ്പുമായി ഷിബു

മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയിലെ വസതിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിനിടെ ഉയർന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അഭിപ്രായമുന്നയിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മന്ത്രി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനമിട്ട് അപകടമുണ്ടാക്കാൻ നോക്കിയതിലാണ് ഷിബു ബേബി ജോണിന്‍റെ കുറിപ്പ്. 

'തീർച്ചയായും അത്തരമൊരു ശ്രമം അപലപനീയമാണ്. യുഡിഎഫ് ഒരിക്കലും ആ സംസ്കാരത്തോട് യോജിക്കില്ല. പ്രതിഷേധിക്കാം, പക്ഷെ വ്യക്തിയുടെ ജീവൻ അപകടപ്പെടുത്താനുള്ള ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല'. മുന്‍പ് ഇതേപോലെ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നെറ്റിയിൽ മുറിവ് സംഭവിച്ചിരുന്നു. ആ ചിത്രം പങ്കുവച്ചാണ് ഷിബുവിന്റെ വാക്കുകൾ. 

കോവൂർ കുഞ്ഞുമോനെതിരെ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ പറ്റിയും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസുകാരുടെ ഉടുമുണ്ട് പൊക്കി നോക്കിയാൽ കാവിനിക്കർ കാണും'' എന്ന് ഒരു എംഎൽഎ നിയമസഭയിൽ പറയുമ്പോൾ അത് ശരിയല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അവർക്കില്ലേ?. ഇതാണ് ഷിബു ബേബി ജോൺ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നൽകുന്ന മറുപടി

ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 

ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വളരെ വൈകാരികമായി അവതരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മന്ത്രി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനമിട്ട് അപകടമുണ്ടാക്കാൻ നോക്കിയെന്നതാണ്. തീർച്ചയായും അത്തരമൊരു ശ്രമം അപലപനീയമാണ്. യുഡിഎഫ് ഒരിക്കലും ആ സംസ്കാരത്തോട് യോജിക്കില്ല. പ്രതിഷേധിക്കാം, പക്ഷെ വ്യക്തിയുടെ ജീവൻ അപകടപ്പെടുത്താനുള്ള ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

എന്നാൽ കോവൂർ കുഞ്ഞുമോനെതിരെ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ പറ്റി എടുത്തു പറഞ്ഞ മുഖ്യമന്ത്രിയോട് ഒരു വാക്ക്, ''കോൺഗ്രസുകാരുടെ ഉടുമുണ്ട് പൊക്കി നോക്കിയാൽ കാവിനിക്കർ കാണും'' എന്ന് ഒരു എംഎൽഎ നിയമസഭയിൽ പറയുമ്പോൾ അത് ശരിയല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അവർക്കില്ലേ? എംഎൽഎയുടെ ഉത്തരവാദിത്തരഹിതമായ വാക്കുകളെ പറ്റി പറയാതെ ഒരു ഭാഗത്തിൻ്റെ പ്രതിഷേധത്തെ പറ്റി മാത്രം മുഖ്യമന്ത്രി വാചാലനാകുന്നത് അദ്ദേഹത്തിന് പാർഷ്യൽ അംനേഷ്യ ഉള്ളത് കൊണ്ടാണോ എന്നു തോന്നിപ്പോകുകയാണ്.