ഔദ്യോഗിക പ്രഖ്യാപനമായില്ല; ഷിബു ബേബി ജോണിനായി പ്രചാരണം ആരംഭിച്ച് യുഡിഎഫ്

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചവറയിൽ ഷിബു ബേബി ജോണിനായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ച് യുഡിഎഫ്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മുൻമന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണാകും യു ഡി എഫ്  സ്ഥാനാർഥി. കഴിഞ്ഞ തവണ സിഎംപിക്ക് നൽകിയ സീറ്റ് ഇത്തവണ സി പി എം ഏറ്റെടുക്കും.

ചവറ നിയോജക മണ്ഡലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർ എസ് പിക്കാരനല്ലാത്ത ഒരാൾ വിജയിച്ചത്. ഇടതു മുന്നണി സി എം പി ക്ക്  നൽകിയ സീറ്റിൽ സ്വതന്ത്ര്യനായി മൽസരിച്ച് എൻ .വിജയൻ പിള്ള നിയമസഭയിലെത്തി. അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്നാണ് ചവറയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  വിജയൻ പിള്ളയുടെ മകൻ, സി പി എമ്മിൻ്റെ രണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ, ഏരിയാ സെക്രട്ടറി, വനിതയായ മുൻ കൊല്ലം മേയർ തുടങ്ങിയവരാണ്  സി പി എമ്മിൻ്റെ പരിഗണനയിലുള്ള സ്ഥാനാർഥികൾ. യുഡിഎഫിലും ആർ എസ് പി യിലും മുൻമന്ത്രിയായ ഷിബു ബേബി ജോണിൻ്റെ പേര് മാത്രമെയുള്ളു.

ഏതാനും ദിവസങ്ങൾക്കകം തന്നെ ഷിബുവിൻ്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.ബി ജെ പി ക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണെങ്കിലും സംസ്ഥാന നേതാക്കളിലാരെങ്കിലും  മൽസരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ ആഗ്രഹം.

MORE IN KERALA