ആഴത്തിൽ 6 മുറിവുകൾ, മാരകമായത് 2 വെട്ടുകള്‍; കനത്ത സുരക്ഷയിൽ കബറടക്കം

കണ്ണൂർ: കണ്ണവത്തു വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ ശരീരത്തിൽ ആഴത്തിൽ ആറു മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മാരകമായി വെട്ടേറ്റത് തലയ്ക്കും കഴുത്തിലുമാണ്. ഇതാണു മരണകാരണവും. തലയ്ക്കും കഴുത്തിനുമായി ആഴത്തിലുള്ള 2 മുറിവുകളും ഒരു ചെറിയ മുറിവുമുണ്ട്. അരയിൽ രണ്ടും കാലിൽ ഒരു വെട്ടുമേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

കോവിഡ് മാനദണ്ഡം പാലിച്ചു തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.നൂറുകണക്കിന് എസ്ഡിപിഐ പ്രവർത്തകർ ആശുപത്രിക്കു പുറത്ത് രാവിലെ മുതൽ കാത്തുനിന്നിരുന്നു. പൊലീസ് ഇൻസ്പെക്ടർ കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് പൊലീസ് കാവലുണ്ടായിരുന്നു.

കബറടക്കം കനത്ത പൊലീസ് സുരക്ഷയിൽ

സയ്യിദ് മുഹമ്മദ് സലാഹൂദ്ദീന്റെ മൃതദേഹം കബറടക്കിയതു കനത്ത പൊലീസ് സുരക്ഷയിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായാണു മൃതദേഹം കണ്ണവത്ത് എത്തിച്ചത്. പ്രവർത്തകർ അഞ്ഞൂറോളം വാഹനങ്ങളിൽ വിലാപയാത്രയെ അനുഗമിച്ചു.

വിലാപ യാത്ര കടന്നുപോയ വഴിയിലെല്ലാം പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. വീട്ടിലും കണ്ണവത്തും പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം വെളുമ്പത്ത് മഖാം ശരീഫ് ഖബർസ്ഥാനിൽ കബറടക്കിയത്. നൂറുകണക്കിനു പേർ അന്തിമോപചാരമർപ്പിക്കാനെത്തി. കണ്ണവം ടൗൺ, ചുണ്ട എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല.

4 പൊലീസുകാർ നിരീക്ഷണത്തിൽ

സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ കണ്ണവം പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സലാഹുദ്ദീന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ മെഡിക്കൽ ഓഫിസർമാർക്കു തലശ്ശേരി സബ് കലക്ടറുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന യോഗം നിർദേശം നൽകി.

അന്വേഷണത്തിന് പ്രത്യേക സംഘം

സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തലശ്ശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണവം, കൂത്തുപറമ്പ്, പാനൂർ, കൊളവല്ലൂർ സിഐമാർ, കൂത്തുപറമ്പ്, പാനൂർ എസ്ഐമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ജില്ലാ പൊലീസ് മേധാവി ജി.എച്ച്.യതീഷ്ചന്ദ്ര, എഎസ്പി റീഷ്മ രമേശൻ എന്നിവർ മേൽനോട്ടം വഹിക്കും. കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ മൂന്നു പ്രതികളെ പിടിക്കാനും സംഘം സഞ്ചരിച്ച കാർ കണ്ടെത്താനും കഴിഞ്ഞതു പൊലീസിന്റെ നേട്ടമായി.  2018 ജനുവരി 19ന് എബിവിപി പ്രവർത്തകൻ കണ്ണവത്തെ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയാണു സലാഹുദ്ദീൻ. എന്നാൽ, ശ്യാമപ്രസാദ് വധത്തിന്റെ പ്രതികാരമാണു സലാഹുദ്ദീന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പൊലീസ് നിലപാട്.