boat-accident-missing

TAGS

പൊന്നാനി: ‘ജീവനും കൊണ്ട് കരയിലേക്കു നീന്തുകയായിരുന്നു... ഇടയ്ക്കുവന്ന കൂറ്റൻ തിരയിലാണ് കബീറിനെ കാണാതായത്’– നൂറുൽ ഹുദാ ഫൈബർ വള്ളത്തിൽനിന്നു തെറിച്ചുവീണ്, 2 മണിക്കൂറോളം നീന്തി കരയിലെത്തിയ മത്സ്യത്തൊഴിലാളികളുടെ ഹൃദയത്തിൽ ഒരു പിടച്ചിലായി കിടക്കുകയാണ് സഹപ്രവർത്തകനെ കൊണ്ടുപോയ ആ തിരയടി. കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നതോടെ മീൻപിടിത്തം മതിയാക്കി കരയിലേക്കു തിരിച്ചുപോന്നു

 

അയക്കൂറയും ചൂരയുമൊക്കെയായി അര ലക്ഷം രൂപയുടെ മീനുമായി പ്രതീക്ഷയോടെയായിരുന്നു മടങ്ങി വരവ്. ഞായറാഴ്ച രാത്രി ഏഴിന് പുറത്തൂർ തീരത്തിന് 4 കിലോമീറ്റർ അകലെയെത്തിയപ്പോഴേക്കും കടൽ പ്രക്ഷുബ്ധമായി. ശക്തമായ കാറ്റിൽ വള്ളം ആടിയുലഞ്ഞു. വള്ളം നിയന്ത്രിക്കാൻ ഓരോരുത്തരും ഓരോ ഭാഗത്തു നിലയുറപ്പിച്ചു... പക്ഷേ, കണക്കുകൂട്ടലുകൾക്കപ്പുറത്തായിരുന്നു കടലിന്റെ കലി

 

വള്ളം മറിഞ്ഞു. മത്സ്യവും വലയും ജിപിഎസുമെല്ലാം മുങ്ങി. തെറിച്ചു വീണ 4 പേരും കടലിൽ തുഴഞ്ഞുനിൽക്കാൻ ശ്രമിച്ചു.നീന്തിക്കയറുകയല്ലാതെ രക്ഷയില്ലെന്ന് ഉറപ്പായി. അങ്ങനെ ഒരുമിച്ചു നീന്താൻ തുടങ്ങി. ഇതിനിടയിലാണു കൂറ്റൻ തിരമാല വന്നടിച്ചത്. കബീർ തൊട്ടുപിന്നാലെ നീന്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ നീന്തിയത്. പക്ഷേ, ഞങ്ങൾ എത്തിയിട്ടും കബീർ വന്നില്ല. അവൻ വരുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ്