ഇത് പിഎസ്​സിയുടെ ഫാസിസം; തുറന്നടിച്ച് എഐഎസ്എഫ്; കുറിപ്പ്

പിഎസ്​സിക്കെതിരെ തുറന്നടിച്ച് എഐഎസ്എഫ് രംഗത്ത്. യുവാക്കളോട് പിഎസ്​സി കാണിക്കുന്നത് മൗലിക അവകാശത്തിന്‍റെ കടുത്ത ലംഘനമാണെന്നും ഫാസിസ്റ്റ് നയങ്ങളും ഭീഷണിയുടെ സ്വരവുമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം: 

ജനാധിപത്യ രാജ്യത്ത്.. പി.എസ്.സി വിമര്‍ശനാതീതമാണോ..?

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വിചിത്ര സ്വഭാവമുള്ള ഒരു പത്രക്കുറിപ്പ് ഇറക്കി .'പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴുവുകള്‍ കമ്മീഷന്‍ ഗൗരവകരമായി എടുക്കുന്നില്ല എന്ന് ചൂണ്ടികാട്ടി ചില ഉദ്യോഗാര്‍ത്ഥികള്‍ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും പി.എസ്.സിക്കെതിരെ വ്യാജ വാർത്ത നല്‍കി എന്ന് ആരോപിച്ച് ഈ ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി പരീക്ഷ എഴുന്നതിൽ നിന്ന് വിലക്കാനും ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്നുമുള്ളതായിരുന്നു

ആ പത്രകുറുപ്പ്;

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിക്രൂട്ടിങ്ങ് എജന്‍സി മാത്രമാണ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍.അതിനപ്പുറത്തേക്ക് ഒരു അവകാശങ്ങളും പി.എസ്.സിക്കില്ല എന്നിരിക്കെ

ഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സിയാണ് ഇത്തരം ജനാതിപത്യ വിരുദ്ധ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. അഭിപ്രായ സ്വാതന്ത്രം എന്നത് പൗരന്‍റെ മൗലിക അവകാശമാണ് പി.എസ്.സി എന്നുമുതലാണ് പൗരാവകാശത്തിന് മുകളിലായത് കടുത്ത ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തിന്‍റെ കടുത്ത ലംഘനം കൂടിയാണ് പി.എസ്.സിനടത്തിയിരിക്കുന്നത്.

കമ്മീഷന്‍ ഇന്ത്യന്‍ ഭരണഘടന മറന്നെങ്കില്‍ അത് വായിച്ച് പഠിക്കുക തന്നെവേണം പ്രത്യേകിച്ച് ഇടത്പക്ഷമുന്നണി ഭരിക്കപെടുന്ന നാട്ടില്‍ ആ നാട്ടിലാണ് ഇത്തരം അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറുന്നത് എന്നുള്ള തിരിച്ചറിവ് കൂടി ഉണ്ടാവണം ഇത്തരം ഫാസിസ്റ്റ് നയങ്ങളും ഭീഷണിയുടെ സ്വരവുമായി മുന്നോട്ട് വന്നാല്‍ ഞങ്ങള്‍ക്കും ഓര്‍മപെടുത്താന്‍ ചിലത് ഉണ്ട് എന്ന് വിസ്മരിക്കരുത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ച് അധ്യാപകരെ വച്ച് പഠിപ്പിക്കപെടുന്ന ഗതികേട് ഇന്നും ചില സര്‍ക്കാര്‍ സ്കൂളുകളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. പക്ഷെ അതാണ് വാസ്തവം. കരാര്‍ നിയമനങ്ങളടക്കം പി.എസ്.സിക്ക് വിടണമെന്നും കൂടുതല്‍ ഒഴുവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനങ്ങള്‍ വളരെ വേഗം നടത്തണം എന്നുമുള്ള ആവശ്യം എഐഎസ്എഫ് പലതവണ മുന്നോട്ട് വച്ചതാണ് വിലക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് ഒരുക്കമെങ്കില്‍ അത് ഞങ്ങളില്‍ നിന്നു തന്നെയാകട്ടെ.