സിസിടിവിക്ക് ഇടിമിന്നല്‍; ഫയലിന് തീപിടുത്തം: ഈ തീ അവരുടെ ആവശ്യം: ഷാഫി

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം ആസൂത്രിതമാണെന്ന വാദവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ സർക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് സെക്രട്ടേറിയറ്റിലെ തീപിടുത്തം. ഫയലുകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. പ്രധാനഫയലുകള്‍ സുരക്ഷിതമെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി മനോരമന്യൂസിനോട് പറഞ്ഞു. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. വളരെവേഗം തീയണച്ചു. കംപ്യൂട്ടര്‍ കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.

വിവാദങ്ങൾ എണ്ണിപ്പറഞ്ഞാണ് ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്;


#CCTV_ക്ക്‌_ഇടിമിന്നലും
#ഫയലിന്_തീപ്പിടുത്തവും .
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക്‌ സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണ്. NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ കോൺസിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ് . ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗ്‌സഥരുടെയും ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറൻസ് വാങ്ങുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും .കോൺസുലേറ്റിൽ നിന്ന് സർക്കാരിനയക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ്. ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല. പിടിപ്പിച്ചതാവാനേ വഴിയുള്ളു .
സ്വർണ്ണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമ ലംഘനമായ പാർസൽ(?) കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപ്പിടുത്തം. അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണം.