രണ്ടര കിലോമീറ്റർ അകലെ, ഗ്രേവൽ ബാങ്കിൽ തങ്ങി നിന്ന് മൃതദേഹങ്ങളും വീടിന്റെ അവശിഷ്ടങ്ങളും

പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 9 പേരുടെ മൃതദേഹം ലഭിച്ചതു പെട്ടിമുടിപ്പുഴയിൽ നിന്ന്. ലയങ്ങൾ നിന്നിരുന്ന സ്ഥലത്തെ തിരച്ചിലി‍ൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ രണ്ടു ദിവസമായി തിരച്ചിൽ പെട്ടിമുടി പുഴയിലാണ്. ആദ്യ ദിവസങ്ങളിൽ 13 മണ്ണുമാന്തി യന്ത്രങ്ങളാണു വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിലിന് ഉപയോഗിച്ചത്.

ഇന്നലെ നാലെണ്ണമാക്കി കുറച്ചു. പുഴയിലെ തിരച്ചിലിനു കൂടുതൽ രക്ഷാപ്രവർത്തകരെ നിയോഗിക്കുകയും ചെയ്തു. പുഴയിൽ കൂടുതൽ ദൂരത്തിൽ തിരച്ചിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദുരന്ത സ്ഥലത്തു നിന്നു രണ്ടര കിലോമീറ്റർ അകലെ പുഴയുടെ ഭാഗമാണു ഗ്രേവൽ ബാങ്ക് പ്രദേശം. ചെളിയും ചെറുകല്ലുകളും അടിഞ്ഞു നിരപ്പായ പ്രദേശമാണിത്.   രക്ഷാപ്രവർത്തകർ കയർ കെട്ടി ഇറങ്ങിയാണ് ഇവിടെ പരിശോധന നടത്തിയത്. അപകടത്തിൽപെട്ടവരുടെ വസ്ത്രങ്ങളും വീടിന്റെ അവശിഷ്ടങ്ങളും ഈ ഭാഗത്തുനിന്നു കിട്ടി. മൃതദേഹങ്ങളും ഗ്രേവൽ ബാങ്കിൽ തങ്ങി നിൽക്കുകയായിരുന്നു.