മെറിൻ അന്ന് പോയതും ഇനി വരുന്നതും തനിയെ; മരണവഴി ഇങ്ങനെ

മെറിന്റെ മൃതദേഹം നാളെ  മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു.

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാ‍‍‍ഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ –34) അറസ്റ്റിലാണ്.തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. ന്യൂയോർക്കിൽ എത്തിച്ചാൽ രണ്ടു ദിവസത്തെ താമസമുണ്ടാകുമെന്ന് ട്രാവൽ എജൻസി അറിയിച്ചതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളിൽ സംസാരിച്ചു.

മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുരളീധരൻ വീട്ടുകാർക്ക് ഉറപ്പു നൽകി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി–മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഇന്ന് മെറിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഓൺലൈൻ വഴി പ്രാർഥനാ യോഗം ചേരുന്നുണ്ട്.

മെറിൻ പോയതും തിരികെ വരുന്നതും തനിയെ. ഇത്തവണ നാട്ടിലെത്തിയ ശേഷം യുഎസിലേക്കു മെറിൻ മടങ്ങിയത് തനിച്ചായിരുന്നു. ഇപ്പോൾ മെറിന്റെ മൃതദേഹം നാട്ടിലേക്കു തിരികെയെത്തുന്നതും ഒറ്റയ്ക്കാകും. കോവിഡ് പ്രശ്നങ്ങളുള്ളതിനാൽ ബന്ധുക്കൾ മെറിന്റെ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഭർത്താവ് നെവിനും മകൾ നോറയ്ക്കും ഒപ്പം കഴിഞ്ഞ ഡിസംബർ 19ന് നാട്ടിലെത്തിയ മെറിൻ അമേരിക്കയിലേക്കു മടങ്ങിയത് തനിച്ചാണ്.

നാട്ടിലെത്തിയ ശേഷമുണ്ടായ പ്രശ്നങ്ങൾ വിവാഹ മോചന ഹർജി നൽകുന്നതിലേക്കു നയിച്ചു.  ഈ വർഷം ജനുവരി 12ന് ഒരുമിച്ച് മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തായിരുന്നു നെവിനും മെറിനും എത്തിയത്. എന്നാൽ നെവിൻ ആദ്യം ഒറ്റയ്ക്കു മടങ്ങി. തുടർന്നു ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളതിനാൽ ജനുവരി 29ന് മകളെ തന്റെ മാതാപിതാക്കളെ ഏൽപിച്ച് മെറിനും മടങ്ങിപ്പോയി. യുഎസിലെ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ന്യൂയോർക്കിൽ എത്തിച്ച് അവിടെ നിന്നുള്ള ഏജൻസി വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്.

കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ യുഎസിൽ നിന്നുള്ള ബന്ധുക്കൾക്ക് മൃതദേഹത്തെ അനുഗമിക്കാൻ സാധിക്കില്ല. നാട്ടിൽ എത്തിയാലും ഇവർ ക്വാറന്റീനിൽ കഴിയേണ്ടി വരും. നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷിതമായി മൃതദേഹം എത്തിക്കാനുള്ള ക്രമീകരണമാണ് യുഎസിലെ ബന്ധുക്കൾ ഒരുക്കുന്നത്. അങ്ങനെ മെറിന്റെ മടക്കയാത്രയും തനിച്ചാകും.