നാട് കണ്ടെയ്ൻമെന്റ് സോണിൽ; റെയിൽ ട്രാക്കിലൂടെ ബൈക്ക് യാത്ര; ഒടുവിൽ

കൊല്ലത്ത് കോവിഡ് കേസുകളുടെ എണ്ണം പെരുകുന്നതു കൊണ്ട് കർശന നിയന്ത്രണങ്ങളിലാണ് ജില്ല. പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇത്തരത്തിൽ ഒരിടത്ത് നിന്ന് പുറത്തുകടക്കാൻ രണ്ട് യുവാക്കൾ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെയിൽവേ ട്രാക്കിലൂടെ ബൈക്കിലായിരുന്നു യുവാക്കളുടെ സഞ്ചാരം.

വിവരമറി‍ഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. റോഡെല്ലാം അടച്ചപ്പോള്‍ പുറത്തിത്തിറങ്ങാന്‍ രണ്ടു വിരുതന്‍മാര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു ട്രാക്കിലൂടെ ബൈക്കോടിക്കുക. ഈ അഭ്യാസം റെയില്‍വേ അധികൃതരെ ആരോ അറിയിച്ചു. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍വെച്ച് ഈ സാഹസിക യാത്രയ്ക്ക് റെഡ് സിഗ്നനല്‍ വീണു. 

പൊലീസിന്റെ പിടിയിലേക്കുള്ള സിഗ്നൽ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച് രണ്ടു പേരും ട്രാക്കിലൂടെ തന്നെ തിരികെ ഓടി രക്ഷപ്പെട്ടു. ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അഭ്യാസികളെ കണ്ടെത്താനയുള്ള അന്വേഷണത്തിലാണ് ആര്‍പിഎഫ്