അമ്പത് ലക്ഷം മുടക്കി അഞ്ച് തോടുകൾ; ഇനി പ്രളയം വന്നാലും പതറില്ല ചേന്ദമംഗലം

പ്രളയം പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ട് നാട്ടിലെ നികന്നുപോയ തോടുകള്‍ വീണ്ടെടുക്കാന്‍ ഒരു ഗ്രാമപഞ്ചായത്തിന്റെ ശ്രമം. 2018ലെ പ്രളയം നശിപ്പിച്ച വടക്കന്‍ പറവൂരിലെ ചേന്ദമംഗലത്താണ് അമ്പത് ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് തോടുകള്‍ പഞ്ചായത്ത് വീണ്ടെടുക്കുന്നത്.

മഹാപ്രളയം. കണ്‍മുന്നിലുണ്ട് അതിന്റെ കെടുതി. ആ അനുഭവം ഉള്‍ക്കൊണ്ടാണ് ഇനിയുമൊരു പ്രളയം മുന്നില്‍കണ്ട് ആ കെടുതിക്ക് തടയിടാനായി ചേന്ദമംഗലം ഒരുങ്ങുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മൂടപ്പെട്ടുപോയ തോടുകള്‍ വീണ്ടെടുക്കുകയാണ്. മുപ്പത് വര്‍ഷം മുന്‍പ് സ്വകാര്യവ്യക്തി നികത്തിയെടുത്ത കോട്ടയില്‍ കോവിലകത്തെ കോരയ്ക്കാത്തോട് പൂര്‍വസ്ഥിതിയിലാക്കിയാണ് പഞ്ചായത്ത് മാറ്റത്തിന് തുടക്കമിട്ടത്.

പെരിയാറില്‍നിന്ന് ആരംഭിക്കുന്ന ഈ കോരയ്ക്കാത്തോട്ടില്‍നിന്ന് ഒരുകാലത്ത് നാട്ടുകാര്‍ കുടിവെള്ളം ശേഖരിച്ചിരുന്നു. ആ കൈത്തോടാണ് പിന്നീട് നശിച്ചത്. ഇത് ഉള്‍പ്പടെയുള്ള അഞ്ച് കൈത്തോടുകള്‍ പൂര്‍വസ്ഥിതി കൈവരിക്കുന്നതോടെ പ്രളയം വന്നാലും ചേന്ദമംഗലത്തെ സുരക്ഷിത കരയാക്കാമെന്ന ആത്മവിശ്വാസമാണ് പഞ്ചായത്തിനുള്ളത്.