ഇത് മാലിന്യം നിറഞ്ഞ മനസ്സ്; സമാന്യ യുക്തി എവിടെ: സ്പീക്കർ ചോദിക്കുന്നു

സ്വര്‍ണക്കടത്തു കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണം തുടക്കം മുതൽ കേട്ട നേതാവാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്വപ്നയോടൊപ്പം പലവേദികളിൽ സ്പീക്കർ പ്രത്യക്ഷപ്പെട്ടത് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കി കഴിഞ്ഞു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എല്ലാം അക്കമിട്ട് മറുപടി പറയുകയാണ് സ്പീക്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.

പ്രിയപ്പെട്ടവരോട്........,

വളരെ ചെറുപ്രായത്തില്‍ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പലതരത്തിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത ഒരു എളിയ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ അറിയിക്കാനാണ് ഈ കുറിപ്പ്.

ചിലമാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന ഒരു രാഷ്ട്രീയ കൗശലമാണെങ്കില്‍പ്പോലും പലപ്പോഴും അത് മര്യാദയില്ലായ്മയുടെ ഉദാഹരണമായിത്തീരുകയാണ്. തീര്‍ത്തും തെറ്റായ പ്രചരണങ്ങളുടെ പുകമറ സൃഷ്ടിച്ച് വ്യക്തഹത്യ നടത്തി ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ സ്പീക്കര്‍ക്കുള്ള പങ്ക് എന്താണ്? എല്ലാവരും അറിയണം.

നെടുമങ്ങാട് പുകരഹിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് സംരഭമാണെന്ന് അറിയിച്ച കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇത് വാസ്തവമാണ്. അത് 2019 ഡിസംബര്‍ 31-ന് ആയിരുന്നു. ഏകദേശം 7 മാസം മുന്‍പ്. അന്നാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, സംശയങ്ങളോ, വാര്‍ത്തകളോ ഒന്നും ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ഒരാളും അറിയിച്ചതുമില്ല. സമയവും സൗകര്യവും അനുവദിക്കുമെങ്കില്‍ വിളിക്കുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ പരിപാടികളുടെ വലുപ്പചെറുപ്പം നോക്കാതെ പങ്കെടുക്കണമെന്നത് എന്‍റെ നിലപാടുമാണ്.

യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്‍റെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിക്കുകയാണ് ഉണ്ടായത്. അവിടുത്തെ എല്ലാ ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാം നോട്ടീസ് കാണുകയുണ്ടായെങ്കിലും വലിയ തിരക്കുള്ള ദിവസമായതിനാല്‍ വരാനാകില്ലെന്ന് അറിയിക്കുകയും പോകാതിരിക്കുകയും ചെയ്തു.

എന്നാല്‍ ഉച്ചയായിട്ടും ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താതെ സംരഭകന്‍റെ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണെന്ന് (സംരഭകന്‍ ആരാണെന്ന് അറിയില്ലായിരുന്നു) അറിയിച്ചപ്പോള്‍ ഒരു അമ്മയോടുള്ള മര്യാദയുടെ പേരില്‍ അവിടെ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയില്‍ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു.

യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മലയാളി എന്ന നിലയില്‍ അവര്‍ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പോലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം പാസ്പോര്‍ട്ട് ഓഫീസറുടെ മറ്റൊരു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഇടക്കാലത്ത് വരികയും ഡബിള്‍ വെരിഫിക്കേഷന്‍ പ്രക്രിയ വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് പ്രവാസികള്‍ പരാതിപ്പെടുകയും ചെയ്തപ്പോള്‍ കോണ്‍സുലേറ്റ് മുഖാന്തിരം ഇടപെട്ട് പ്രശ്നപരിഹാരത്തിന് സ്വപ്ന സുരേഷ് സഹായിക്കുകയുണ്ടായി.

വസ്തുതകള്‍ ഇതായിരിക്കേ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. 2020 ജൂലായ് മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. 7 മാസം മുന്‍പ് ഇത്തരം ഒരു സംഭവം ഉണ്ടാകുമെന്ന് മുന്‍കൂര്‍ അറിയണമായിരുന്നു എന്ന് പറയുന്നതില്‍ എന്ത് സാമാന്യ യുക്തിയാണുള്ളത്? പ്രത്യേകിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പുകാരിയാണെന്ന് എങ്ങനെ മനസ്സിലാക്കും?

മാലിന്യം നിറഞ്ഞ മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ട് ഒരു വലിയ സദാചാര ലംഘനം നടന്നിരിക്കുന്നു എന്ന് വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന ചിലരുണ്ട്. ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവര്‍. ക്യാമറകള്‍ക്കും മുമ്പില്‍ കൂടിനിന്ന മനുഷ്യര്‍ക്കും മുന്നിലെ പെരുമാറ്റത്തില്‍ അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്.