‘ശ്രദ്ധിച്ചത് അപകടമില്ലാതെ കുതിക്കാന്‍’; ശിവദാസന്റെ ഡ്രൈവിങ് ‘സിയാസി’ല്‍

അതിവേഗത്തിലാണ് വാളയാർ അതിർത്തി എൻഐഎ സംഘം കടന്നുപോയത്. ഇന്നോവയും സ്കോർപിയോയും ഒപ്പം അകമ്പടിയായി പൊലീസ് ജീപ്പുകളും. ദൃശ്യങ്ങൾ പകർത്താൻ മനോരമ ന്യൂസ് സംഘം സഞ്ചരിച്ചത് മാരുതി സിയാസിലും. റിപ്പോര്‍ട്ടര്‍ ബിനോയ് രാജന്‍ നയിച്ച സംഘത്തിന് സമൂഹമാധ്യങ്ങളിലും വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഈ വാഹത്തിലാണ് ശിവദാസൻ എന്ന ഡ്രൈവറുടെ മിടുക്കും ശ്രദ്ധയും കൊണ്ട് കൃത്യതയാടെ മുന്നേറിയത്. 

അപകടം വരുത്താതിരിക്കാനായിരുന്നു പ്രധാനമായും ശ്രദ്ധിച്ചതെന്ന് ശിവദാസന്‍ ലക്ഷ്യത്തിലെത്തിയ ശേഷം നടത്തിയ ചെറു അഭിമുഖത്തില്‍ പറഞ്ഞു. ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. ഇത്ര വലിയ ഒരു ചേസിങ് ആദ്യമായി ആണ്. ആര്‍ക്കും അപകടം വരാതെ നോക്കാന്‍ ശ്രദ്ധിച്ചു– മിതഭാഷിയായ ശിവദാസന്‍ പറഞ്ഞു.

ഡൈവിങ് മികവ് സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ശിവദാസൻ ചേട്ടന് പറയാൻ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘സുരക്ഷയാണ് നോക്കിയത്. വണ്ടിയുടേയും നിങ്ങളുടെയും. ഇടയ്ക്ക് വന്ന പ്രതിഷേധക്കാരെയും ശ്രദ്ധിക്കേണ്ടി വന്നു. എങ്കിലും ദൃശ്യങ്ങൾ മറ്റാർക്ക് കിട്ടുന്നതിനെക്കാളും സുരക്ഷയോടെ തന്നെ മികച്ചതായി കിട്ടണം.. അതായിരുന്നു മനസിൽ..’ മുൻപ് മദനിയുടെ കേരളത്തിലേക്കുള്ള വരവും സോളർ വിവാദസമയത്തെ യാത്രയുമടക്കം ചിത്രീകരിച്ച ക്യാമറാമാൻ പി.ആർ രാജേഷാണ് ഇത്തവണയും ഉണ്ടായിരുന്നത്.  

യാത്രയിൽ എൻഐഎ സംഘം സ്വപ്നയുമായി സഞ്ചരിച്ച സ്കോർപിയോയുടെ ടയർ പഞ്ചറായത് മനോരമ ന്യൂസിന്‍റെ ക്യാമറാമാൻ പി.ആര്‍.രാജേഷ് ആണ് കണ്ട്, ഈ വിവരം അവരെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് അവർ വാഹനം നിർത്തി സ്വപ്നയെ ഇന്നോവയിലേക്ക് മാറ്റുന്നത്. വലിയ അപകടമാണ് ഇതുമൂലം ഒഴിവായത്.