സമ്പര്‍ക്ക രോഗികൾ ഏറുന്നു; കാസര്‍കോട് നഗരത്തിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ വന്നേക്കും

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വീണ്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. രണ്ടുദിവസങ്ങളിലെ പരിശോധന ഫലങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും അന്തിമതീരുമാനം. ജില്ലയില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും, ജനങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കാസര്‍കോട് എംജി റോഡിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചെങ്കിലും രോഗവ്യാപനം തടയാന്‍ ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സമൂഹവ്യാപനം ഒഴിവാക്കാന്‍ ജനങ്ങള്‍ തന്നെ ശ്രദ്ധിക്കണമെന്ന് ഡിഎംഒ പറഞ്ഞു.

മാര്‍ക്കറ്റുകളും, അതിര്‍ത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ പേരില്‍ കോവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.

വരും ദിവസങ്ങളിലും സമ്പര്‍ക്ക രോഗബാധിതര്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെയും, ജില്ല ഭരണകൂടത്തിന്റെയും വിലയിരുത്തല്‍.