ആകെ 8 തവണ; കോവിഡ് കാലത്ത് 3 വട്ടം; ഐടി വകുപ്പിലെ ഉദ്യോഗസ്ഥയിലേക്ക്

തിരുവനന്തപുരത്ത് യു. എ. ഇ കോൺസുലെറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്‍റെ  ഐ.ടി വകുപ്പിലെ ഉദ്യോഗ്ഥയിലേക്ക് നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

ഇപ്പോള്‍ കസ്റ്റഡിയിലുള്ള കേണ്‍സുലേറ്റ് മുന്‍ പിആര്‍ഒയെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്. 

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കമ്മീഷൻ ഇടപാടിൽ സ്വർണം കടത്തി നൽകിയതായി കസ്റ്റഡിയിലുള്ള സരിത് സമ്മതിച്ചു. കോവിഡ് കാലത്ത് മാത്രം മൂന്ന് തവണ ഉൾപ്പെടെ എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ  സ്വർണം കടത്തിയതായി സൂചന. 

കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കള്ളക്കടത്തിലേക്കാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. 

ദുബായിൽനിന്ന് യുഎഇ കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ കടത്തൽ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായെന്നു കസ്റ്റംസ് പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേരളത്തിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നതും കേരളത്തിൽ ആദ്യം. 

നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ല. കസ്റ്റംസ് കമ്മിഷണർക്ക് ലഭിച്ച കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു മുൻപ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. അവിടെനിന്ന് അനുമതി ലഭിച്ചശേഷം കോൺസുലേറ്റിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്. ശുചിമുറി ഉപകരണങ്ങൾ അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വർണം. 

ഒരാഴ്ച മുൻപാണു കാർഗോയിൽ സ്വർണം എത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചത്. ഡിപ്ലോമാറ്റിക് കാർഗോ ആയതിനാൽ കരുതലോടെയായിരുന്നു നീക്കം. കസ്റ്റംസ് കമ്മിഷണർ വിവരം കേന്ദ്രത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചതോടെ കോൺസുലേറ്റ് അധികൃതരുടെ സാന്നിധ്യത്തിലാണ് പെട്ടി പൊട്ടിച്ചത്.

നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാറില്ല. ഇതാണു സ്വർണക്കടത്തുകാർ മുതലെടുത്തതും. കോൺസുലേറ്റിലെ ജീവനക്കാർ അവരുടെ രാജ്യത്തുനിന്നും വിവിധ സാധനങ്ങൾ നാട്ടിലെത്തിക്കാറുണ്ട്. സംശയകരമായ സാഹചര്യം ഉണ്ടായാലും ബാഗേജുകൾ പലപ്പോഴും പരിശോധിക്കാറില്ല.

സ്വർണം കണ്ടെത്താനായില്ലെങ്കിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കാം. കൃത്യമായ വിവരം കസ്റ്റംസ് കമ്മിഷണർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധിച്ചതും സ്വർണം പിടികൂടിയതും. നയതന്ത്രപരിരക്ഷ ഉള്ളതിനാൽ അന്വേഷണത്തിനും തടസമുണ്ടെന്ന് അധികൃതർ പറയുന്നു.