സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം വൈകും; സിനിമകൾക്ക് സുരക്ഷ ശക്തിപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങളുടെ സുരക്ഷശക്തിപ്പെടുത്തി.  ഇതുവരെ തീയറ്ററുകളില്‍ എത്താത്ത മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ബിഗ്ബജറ്റ് ചിത്രം ഉള്‍പ്പടെ നൂറ്റിപ്പത്തൊന്‍പത് ചിത്രങ്ങളാണ് അവാര്‍ഡിനായി എത്തിയത്. ചിത്രങ്ങള്‍ കര്‍ശനസുരക്ഷാസംവിധാനങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി അധികൃതര്‍ പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ,,,,,മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം ഉള്‍പ്പടെ റിലീസ് ചെയ്യാത്ത ഒട്ടേറെചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മല്‍സരിക്കുന്നത്.

മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ.പി. കുമാരന്റെ ഗാമവൃക്ഷത്തിലെ കുയില്‍ തുടങ്ങി നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ വരെ നൂറ്റിപ്പതൊന്‍പത് ചിത്രങ്ങളാണ് വിവിധ പുരസ്കാരങ്ങള്‍ക്കായി മല്‍സരിക്കുന്നത്. റിലീസ് ചെയ്യാത്ത പലചിത്രങ്ങളും വന്‍തുകമുടക്കി നിര്‍മിച്ചവയാണ്

എല്ലാ ചലച്ചിത്രങ്ങളും അങ്ങേയറ്റം സുരക്ഷിതമായാണു സൂക്ഷിച്ചിരിക്കുന്നതെന്നു ചലച്ചിത്ര അക്കാദമി അധികൃതർ അറിയിച്ചു.തീയറ്ററുകളിലെത്തിയ മറ്റ് പ്രമുഖ ചിത്രങ്ങളും മല്‍സരിത്തിനുണ്ട്.തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,ഡ്രൈവിങ് ലൈസൻസ്, പൊറിഞ്ചു മറിയം ജോസ്, പ്രതി പൂവൻകോഴി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , അമ്പിളി , ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഉണ്ട...... അങ്ങനെ നിര നീളുകയണ്.

കോവിഡ് ഭീഷണി ഒഴിയാത്തതിനാല്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം നീണ്ടു പോകും. ജൂറി ചെയർമാൻ മധു അമ്പാട്ട് ഉൾപ്പെടെ മൂന്ന് ജൂറി അംഗങ്ങൾ ചെന്നൈയിലാണ്. മുതിർന്ന പൗരനെന്ന നിലയിൽ മധു അമ്പാട്ട് ഉൾപ്പെടെ പുറത്തു നിന്നെത്തുന്നവരെല്ലാം കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടിവരും. ഇത് അവർക്കും ജൂറിയിലെ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകും.യാത്രാ സൗകര്യം സുഗമമായിട്ടില്ല. ജൂറി അംഗംങ്ങള്‍ വന്നാല്‍ തന്നെ ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കേണ്ടിവരും.