കുമളിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ച്ചക്കുള്ളിൽ 13 പേർക്ക് രോഗം; ജാഗ്രത

ഇടുക്കി കുമളിയിൽ ഡെങ്കിപ്പനി പടരുന്നു. ടൗൺ പ്രദേശത്ത് മാത്രം  ഒരാഴ്ച്ചക്കുള്ളിൽ 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മാസങ്ങളായി ടൗണിൽ അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും, റിസോർട്ടുകളുമായിരിക്കും ഡെങ്കി പരത്തുന്ന കൊതുകിന്റെ താവളമെന്നാണ്  ആരോഗ്യ വകുപ്പിന്റെ നിഗമനം. 

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മിക്കതും തുറന്നിട്ട് 3 മാസം കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ തുറന്ന് ശുചീകരിച്ചില്ലെങ്കിൽ  രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. ആരോഗ്യ വകുപ്പ് ഇക്കാര്യം പഞ്ചായത്തിനെയും, വ്യാപാരി സംഘടനകളേയും അറിയിച്ചു. രണ്ട് മാസം മുൻപ് ടൗണിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ വലിയകണ്ടത്താണ്  ഡെങ്കിപ്പനി ആദ്യം വന്നത്.  

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ടൗണിലും, സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പുകയ്ക്കൽ നടത്തി. കൊതുക് വളരാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന്  ആരോഗ്യ വകുപ്പ് അറിയിച്ചു.