ധാരണ അംഗീകരിക്കാതെ ഇനി യു.ഡി.എഫിന്റെ ഭാഗമാകില്ല; കടുപ്പിച്ച് പി.ജെ.ജോസഫ്

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വകമായ തീരുമാനമെന്ന് പി.ജെ ജോസഫ്. ധാരണയുണ്ടെന്ന്  സമ്മതിക്കാന്‍പോലും ജോസ് പക്ഷം തയാറായിട്ടില്ല. യു.ഡി.എഫ് തീരുമാനം അംഗീകരിക്കാത്ത പാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമാകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. 

അതേസമയം, ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയശേഷം അഭിപ്രായം പറയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യും. ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന യുഡിഎഫ് തീരുമാനം പാലിക്കാത്തതിനാലാണ് ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്.  ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു.  പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ആവശ്യത്തിലേറെ സമയവും നല്‍കിയെന്ന് ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

യുഡിഎഫ് പുറത്താക്കിയത് കെ.എം.മാണിയെയെന്ന് ജോസ് കെ.മാണി. ഇത് രാഷ്ട്രീയപ്രശ്നമല്ല, നീതിയുടെ പ്രശ്നമാണ്. ഇല്ലാത്ത ധാരണ പാലിക്കണമെന്നാണ് പറയുന്നത്.  കാലുമാറ്റക്കാരന് പാരിതോഷികമായി പദവി നല്‍കണമെന്ന വാദം അനീതിയാണ്. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിവയ്ക്കില്ലെന്ന് നിലപാടെടുത്തത്. ‌ഈ അളവുകോല്‍ വച്ചാണെങ്കില്‍ പി.ജെ.ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞു. 

യുഡിഎഫ് നേതൃത്വം പ്രശ്നപരിഹാരത്തിന് ഒരുതവണപോലും ചര്‍ച്ച നടത്തിയില്ല.  തീരുമാനത്തിനുപിന്നില്‍ ബോധപൂര്‍വമായ രാഷ്ട്രീയ അജന്‍ഡയാണ്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജോസ് കെ.മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനം അടിയറ വയ്ക്കില്ല. യുഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് പറയുന്നില്ലെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു. 

ജോസ് കെ.മാണി പക്ഷത്തിന്റെ നിലപാട് വ്യക്തമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടെന്നു മാത്രമേ ഇപ്പോള്‍ വ്യക്തമായിട്ടുള്ളു. ജോസ് പക്ഷത്തെ എല്‍ഡിഎഫ് സ്വീകരിക്കുമോയെന്ന് ആലോചിക്കേണ്ട സമയമായില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

വിഷയത്തിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥിതിഗതികള്‍ കലങ്ങിത്തെളിഞ്ഞു വരട്ടെ,  എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായിട്ടില്ല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായി അറിയില്ല. തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫിന്റേതെന്നും കോടിയേരി ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.