പ്രളയസഹായത്തിന് ഇടപെടാതെ ഒളവണ്ണ പഞ്ചായത്ത്; 10000 രൂപയുടെ സഹായം പോലും ലഭിച്ചില്ലെന്ന് പരാതി

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രളയ ദുരിതാശ്വാസ ക്യാംപുകളുണ്ടാകില്ലെന്നറിയിച്ച കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് കഴിഞ്ഞവര്‍ഷത്തെ പ്രളയസഹായത്തിനായി ഇടപെടുന്നില്ലെന്ന് പരാതി. കമ്പിവളപ്പ് കോളനിയിലെ പതിനാറ് കുടുംബങ്ങള്‍ക്ക് പത്ത് മാസം കഴിഞ്ഞിട്ടും പതിനായിരം രൂപയുടെ സഹായം ലഭിച്ചില്ല. നിരവധി തവണ അന്വേഷിച്ച് മടുത്തതിനാല്‍ പലരും ശ്രമം ഉപേക്ഷിച്ചു. 

മാളുകളും വ്യവസായ പാര്‍ക്കുകളും ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തുക നികുതിയിനത്തില്‍ സ്വീകരിക്കുന്ന എ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് ഒളവണ്ണ. പ്രവര്‍ത്തനമികവിലും നിരവധി പുരസ്കാരങ്ങള്‍ നേടിയ പഞ്ചായത്ത്. എന്നാല്‍ സാധാരണക്കാരെ സഹായിക്കുന്ന കാര്യത്തില്‍ ആത്മാര്‍ഥമായ ഇടപെടലില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രളയത്തില്‍ വീടൊഴിഞ്ഞ് ക്യാംപുകളില്‍ കഴിയേണ്ടിവന്നവര്‍ പതിനായിരം രൂപ അനുവദിക്കുന്നതിനായി മുട്ടാത്ത വാതിലുകളില്ല. കമ്പിവളപ്പ് കോളനിയിലെ പതിനാറ് കുടുംബങ്ങളെയും ഒരുപോലെ അവഗണിച്ചെന്നാണ് ആക്ഷേപം. കോവിഡ് നിരീക്ഷണം കാരണം സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ കണ്ടെത്താന്‍ നോട്ടിസിലൂടെ അറിയിപ്പ് കൈമാറിയ പഞ്ചായത്തിന് സഹായത്തിന്റെ കാര്യത്തില്‍ കുറച്ച് കൂടി വേഗത വേണമെന്ന് നാട്ടുകാര്‍.  

സഹായം കൈമാറേണ്ടവരുടെ പട്ടിക നിശ്ചയിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. പതിനായിരം രൂപയുടെ സഹായത്തിന് അര്‍ഹതയുള്ളവരുടെ മുഴുവന്‍ വിവരങ്ങളും ജില്ലാഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. തടസം നീങ്ങാന്‍ ഇടപെടുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.