ഉദയനാപുരത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷിമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

വൈക്കം ഉദയനാപുരത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷിമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. വർഷകൃഷിയിറക്കാത്ത പാടശേഖരത്തിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.  പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കാത്തതിനാൽ നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ഉദയനാപുരം പഞ്ചായത്തിലെ വാഴമന നോർത്ത്ബ്ലോക്കിലെ നൂറിലേറെ നിർധന കുടുംബങ്ങളാണ് മലിനജലത്തിനു നടുവിൽ കഴിയുന്നത്. നാട്ടുകാരും പാടശേഖര സമിതിയും സ്വന്തം ചെലവിൽ മോട്ടാർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും കൃഷി വകുപ്പ് അനുമതി നിഷേധിച്ചു. പാടശേഖരത്തിലേക്കുള്ള വൈദ്യുതി കൃഷി ആവശ്യങ്ങൾക്ക് മാത്രമായുള്ള താൽക്കാലിക കണക്ഷനാണ്.  മറ്റാവശ്യങ്ങൾക്കായി വൈദ്യുതി ഉപയോഗിക്കുന്നത് കുറ്റകരവുമാണ്.  വാഴമന നോർത്ത് പാടശേഖരത്ത് വൈദ്യുതി ദുരുപയോഗം ശ്രദ്ധയിൽ പെട്ടതോടെയാണ് കൃഷി ഓഫിസർ നടപടിയെടുത്തത്. 

ദുരിതം കണക്കിലെടുത്ത് മോട്ടോർ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം എംഎൽഎ സി . കെ. ആശയയെയും പാടശേഖര സമിതി സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിലുൾപ്പെടെ നിരവധി തവണ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. മഴ ശക്തി പ്രാപിച്ച് വെള്ളക്കെട്ട് രൂക്ഷമായതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വള്ളം വാടകയ്ക്കെടുത്തിരിക്കുകയാണ് നാട്ടുകാർ.