ആരോപണങ്ങള്‍ ഗൗരവമേറിയത്; സക്കീറിനെതിരെ കര്‍ശന നിലപാടുമായി സംസ്ഥാന നേതൃത്വം

കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ സസ്പെന്‍ഷനിലേക്ക് നയിച്ചത് സംസ്ഥാന നേതൃത്വത്തിന്‍റെ കര്‍ശന നിലപാട്. സംസ്ഥാന നേതൃത്വത്തിന് തന്നെ തലവേദനയായി മാറിയ കളമശേരിയിലെ പാര്‍ട്ടിയെ വരുതിയിലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സക്കീറിനെതിരായ അച്ചടക്ക നടപടി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് സക്കീര്‍ ഹുസൈനു വേണ്ടി നിലകൊണ്ടത്.

ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ നീക്കണമെന്നായിരുന്നു എറണാകുളം  ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍ സക്കീറിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കര്‍ശനമായ നടപടി വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് കടുപ്പിച്ചു. സക്കീർ ഹുസൈന്റെ കാര്യത്തിൽ ജില്ലാ കമ്മിറ്റി മൃദു സമീപനമാണു സ്വീകരിക്കുന്നതെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍ എ വിജരാഘവനും കെ രാധാകൃഷ്ണനും ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ എറണാകുളത്തെ ഏറ്റവും പ്രബലനായ ഏരിയ സെക്രട്ടറിക്ക് തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടിക്ക് പുറത്തേക്ക് വഴി തെളിഞ്ഞു. ആറു മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം സക്കീര്‍ ഹുസൈനെതിരെ കൂടുതല്‍ നടപടി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. രാവിലെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് സക്കീറിനെ വിളിച്ചുവരുത്തി പാര്‍ട്ടി തീരുമാനം അറിയിച്ചു.  സക്കീർ  അംഗമായ ജില്ലാ കമ്മിറ്റിയിൽ അദ്ദേഹം പങ്കെടുത്തില്ല. രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ  സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തെ ആരും എതിര്‍ത്തില്ല. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ സക്കീറിനെതിരായ നടപടിയെ മൂന്നംഗങ്ങള്‍ എതിര്‍ത്തു.

പാര്‍ട്ടിക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട നേതാവിനെ അപമാനിക്കരുതെന്നും, ജില്ലാ സമിതി നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള അച്ചടക്കനടപടിയേ കൈക്കൊള്ളവൂ എന്നുമുള്ള ഇവരുടെ നിലപാട് അംഗീകരിക്കപ്പെട്ടില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന സൂചനകളാണ് സക്കീര്‍ ഹുസൈന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ അച്ചടക്ക നടപടി സംബന്ധിച്ച് പരസ്യപ്രതികരണത്തിനും അദ്ദേഹം തയാറായേക്കില്ല