'സസ്പെന്‍ഷന്‍ ചട്ടവിരുദ്ധം'; ട്രൈബ്യൂണലിനെ സമീപിച്ച് എം.ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസിലെ സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമെന്നാരോപിച്ച് എം.ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍. ജനുവരിയില്‍ വിരമിക്കാനിരിക്കെയാണ് നീക്കം. സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടു. അപേക്ഷയില്‍ സി.എ.ടി ചീഫ് സെക്രട്ടറിയോടും പൊതുഭരണ സെക്രട്ടറിയോടും വിശദീകരണം തേടി. 

ആരോപണങ്ങളുടെയും ബാഹ്യസമ്മര്‍ദങ്ങളുടെയും അടിസ്ഥാനത്തിലാണ് പല ഘട്ടങ്ങളിലായി തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയതാല്‍പര്യവും നടപടിക്ക് പിന്നിലുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരില്‍ തള്ളിയെന്ന് ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായാണ് ജയിലില്‍ കിടന്നത്. താന്‍ കുറ്റം ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ 2020 ജൂലൈ 17 മുതൽ 2022 ജനുവരി 1 വരെയുള്ള സസ്പെൻഷൻ കാലാവധി  റദ്ദാക്കി, സർവീസില്‍ ചേര്‍ക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. 

സ്വർണക്കടത്ത് കേസ് പ്രതികളുമായി അടുപ്പമുണ്ടെന്ന് ചീഫ് സെക്രട്ടറിതല കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിവശങ്കര്‍ ആദ്യം സസ്പെന്‍ഷനിലായത്. തുടർന്ന് പലഘട്ടങ്ങളിലായി സസ്പെൻഷൻ നീട്ടുകയായിരുന്നു.

M Shivasankar approached central administrative tribunal