മാഹി മദ്യത്തിന്‍റെ വര്‍ധിപ്പിച്ച വില പിന്‍വലിക്കില്ലെന്ന് പുതുച്ചേരി സര്‍ക്കാര്‍

മാഹി മദ്യത്തിന്റെ വര്‍ധിപ്പിച്ച വില ഉടന്‍ പിന്‍വലിക്കില്ലെന്ന് പുതുച്ചേരി സര്‍ക്കാര്‍. കേരളത്തില്‍ ലഭിക്കുന്ന എല്ലാ ബ്രന്‍ഡ് മദ്യത്തിനും അതേവില തന്നെയാണ് മാഹിയിലും ഈടാക്കുന്നത്. മറ്റുബ്രാന്‍ഡുകള്‍ക്ക് മുപ്പത് ശതമാനം വര്‍ധനയുണ്ട്. വിലവര്‍ധിപ്പിച്ചതോടെ കച്ചവടം ഗണ്യമായി കുറഞ്ഞു. തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയിലാണ് വില്‍പനശാലകളിലെ ജീവനക്കാര്‍.

കേരളത്തെ അപേക്ഷിച്ച് വിലകുറവായതുകൊണ്ടു തന്നെ മാഹിയില്‍ മദ്യം വാങ്ങാന്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഈ തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത്. വില കൂടിയതോടെ ഉപഭോക്താക്കള്‍ മാഹിയെ കൈയ്യോഴിഞ്ഞെന്ന് ഇവിടുത്തെ കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്നു. വില്‍പനയില്‍ എണ്‍പത് ശതമാനത്തിന്റെ കുറവുണ്ടായെന്ന് കച്ചവടക്കാര്‍ പറയുന്നു. 

വില വര്‍ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് മാഹി അഡ്മിനിസ്ട്രേറ്റര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസത്തിന്ശേഷം മാത്രമെ വില കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കു. അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാഹിയില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു