സർക്കാർ വാദം അംഗീകരിച്ചു; ധാതുമണൽ നീക്കാൻ കെഎംഎംഎല്ലിന് അനുമതി

തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് ധാതുമണൽ നീക്കം ചെയ്യാൻ കെഎംഎംഎല്ലിന് ഹൈക്കോടതിയുടെ അനുമതി. മണൽ കൊണ്ടുപോകുന്നതിന് ഉള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

തോട്ടപ്പള്ളിയിൽ നടക്കുന്നത് മണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി കെഎംഎംഎല്ലിന് മണൽ കൊണ്ടുപോകാൻ അനുമതി നൽകിയത്. കൊണ്ടുപോകുന്ന മണൽ കെഎംഎംഎല്ലിന്റെ പരിസരത്തു സൂക്ഷിക്കണം. ഈ മണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്നതിനു തടസമില്ല. എന്നാൽ തോട്ടപ്പള്ളിയിൽ നിന്ന് കൊണ്ടുപോകുന്ന മണലിന് കൃത്യമായ കണക്ക് സൂക്ഷിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു. 

പ്രളയ ജലം ഒഴുക്കി വിടുന്നതിനുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തോട്ടപ്പള്ളി പൊഴി വീതി കൂട്ടുന്നതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. പൊതുമേഖലാ സ്ഥാപനം ആയ കെഎംഎംഎല്ലിന് മണൽ കൊണ്ടു പോകുന്നതിനു അനുമതിയുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ എതിർപ്പ് പഞ്ചായത്തിന്റെ എതിർപ്പായി കാണാൻ കഴിയില്ല. മണൽ കൊണ്ടുപോകുന്നതിന് നൽകിയ സ്റ്റോപ്പ്‌ മെമ്മോ പഞ്ചായത്ത്‌ സെക്രട്ടറി പിൻവലിച്ചുവെന്നും സർക്കാർ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി മണൽ നീക്കം തുടരാൻ അനുമതി നൽകുകയായിരുന്നു. വിഷയത്തിൽ സമഗ്രമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര ആണവോർജ കമ്മിഷനെ കേസിൽ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കി.