കെഎംഎംഎല്‍ ചർച്ച പരാജയം; ഉപരോധ സമരം തുടരുമെന്ന് നാട്ടുകാർ

ചവറ കെ.എം.എം.എല്ലിന് മുന്നില്‍ ഉപരോധസമരം നടത്തുന്ന നാട്ടുകാരുമായി കൊല്ലം ജില്ലാകലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. പ്രശ്നപരിഹാരത്തിനായി വ്യവസായമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം ജില്ലാകലക്ടര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. ഫാക്ടറിയിലേക്ക് ജോലിക്കാരെ പ്രവേശിപ്പിക്കാതെ കഴിഞ്ഞ രണ്ടു ദിവസമായി നടത്തുന്ന ഉപരോധസമരം തുടരും

കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം മൂലം മലിനീകരണം രൂക്ഷമായ പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധസമരം. പന്‍മന,ചിറ്റൂര്‍, കളരി,പൊന്‍മന എന്നീ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ രണ്ടു ദിവസമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവേശന കവാടങ്ങള്‍ ഉപരോധിക്കുകയാണ്. സമരം കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെയാണ് ജില്ലാ കലക്ടര്‍ സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് കെ.എം.എം.എല്‍ നാട്ടുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളതെന്നും  ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ പറഞ്ഞു.