പരീക്ഷയിൽ തോറ്റവർക്കും കെ.എം.എം.എല്ലില്‍ വഴിവിട്ട നിയമനം

ചവറ കെ.എം.എം.എല്ലില്‍ സര്‍വമാനദണ്ഡങ്ങളും ലംഘിച്ച് തൊഴില്‍ നിയമനം. ഓപ്പറേറ്റര്‍ –ടെക്നീഷ്യന്‍ തസ്തികയില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയവരെ ഒഴിവാക്കി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ നിയമനം നേടി. നിയമനങ്ങളില്‍ നടന്ന ഗുരുതരമായ ചട്ടലംഘമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു.

കെ.എം.എം.എല്ലിലേ ടൈറ്റാനിയം ഡയോക്സൈഡ് യൂണിറ്റിലേക്ക് ഓപ്പറേറ്റര്‍, ടെക്നീഷ്യന‍് നിയമനത്തിലാണ് ആരെയും ഞെട്ടിക്കുന്ന നിയമനം. കോടികളുടെ അഴിമതിക്ക് വേണ്ടിയായിരുന്നു പരീക്ഷ മുതല്‍ നിയമനം വരെയുള്ള നടപടികളെന്ന് പകല്‍പോലെ വ്യക്തം. തിരുവനന്തപുരത്തെ സെന്റർ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് ആണ് പരീക്ഷ നടത്തിയത്  എഴുത്ത് പരീക്ഷയില്‍  വിജയിക്കാന്‍ 16 മാര്‍ക്ക് വേണം. എന്നാല്‍ 14 ഉം 15 ഉം 11ഉം മാര്‍ക്ക് നേടിയവരെ സ്കില്‍ ടെസ്റ്റിനും ഇന്‍ര്‍വ്യൂവിനും വിളിച്ച് നിയമനം നല്‍കിയിരിക്കുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിവരെ സ്കില്‍ ടെസ്റ്റിലും ഇന്‍ര്‍വ്യൂവിലും പരാജയപ്പെടുത്തി പുറത്താക്കി. 28 പേരെയാണ് ചട്ടവിരുദ്ധമായി നിയമിച്ചിരിക്കുന്നത്.

ഇന്റർവ്യൂ നടത്തിയ ദിവസം തന്നെ റാങ്ക്  ലിസ്റ്റ് പ്രഖ്യാപിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 42 ദിവസം കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ട്രേഡ് യൂണിയനുകള്‍  കോഴ വാങ്ങി നിയമനം നടത്തുന്നവെന്ന് പണ്ടേ ആരോപണമുള്ള കെ.എം.എം.എല്‍ ഇത്തണവയും അതില്‍ മാറ്റം വരുത്തിയില്ല എന്നതിന്റെ സൂചനകളാണിതെല്ലാം.