കെ.എം.എം.എല്ലിന്റെ മലിനീകരണം രൂക്ഷമായ 50 ഏക്കർ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ

കൊല്ലം ചവറ കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം മൂലം മലിനീകരണം രൂക്ഷമായ അന്‍പതേക്കര്‍ സ്ഥലം എത്രയും വേഗം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ്. ഭൂമിയേറ്റെടുക്കുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സമരസമിതിയും ആവശ്യപ്പെട്ടു. മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുംവരെ കെഎംഎംഎല്ലിന് മുന്നില്‍ ചിറ്റുരിലെ ജനങ്ങള്‍ നടത്തിവരുന്ന സമരം തുടരും.

സമരം നൂറ്റിയറുപത് ദിവസം പിന്നിട്ടപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറായത്. ചവറ എം.എൽ.എന്‍.വിജയൻ പിള്ളയുടെയും കലക്ടർ ബി അബ്ദുൾ നാസറിന്‍റെയും നേതൃത്വത്തിൽ സമരസമിതിയുമായി ചര്‍ച്ച നടത്തി. ഇരുന്നൂറു കോടി രൂപ മുടക്കി അന്‍പതേക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കുമെന്നാണ് ഉറപ്പ്.

ഘട്ടംഘട്ടമായി ഭൂമി ഏറ്റെടുക്കുന്നതിനോട് യോജിപ്പാണെന്നും എന്നാല്‍ ഈക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വേണമെന്നുമാണ് സമരസമിതിയുടെ നിലപാട്.

കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരണം രൂക്ഷമായ പന്‍മന,ചിറ്റൂര്‍, കളരി,പൊന്‍മന എന്നീ പ്രദേശങ്ങളിലെ ഭൂമി എത്രയും വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎംഎല്ലിന് മുന്നിലുള്ള നാട്ടുകാരുടെ റിലേ സത്യാഗ്രഹസമരം തുടരും.